Breaking News

വര്‍ക്കലയില്‍ വീട് കയറി ആക്രമണം; ബൈക്ക് അടിച്ച് തകര്‍ത്തു: പ്രതി റിമാൻഡിൽ

വര്‍ക്കല: വര്‍ക്കല അയിരൂരില്‍ വീട് കയറി ആക്രമണം. രണ്ട് പ്രതികളില്‍ ഒരാളെ അയിരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അയിരൂര്‍ പട്ടരുമുക്ക് സ്വദേശി ആരോമലിനെ(22)യാണ് പോലീസ് പിടികൂടിയത്. അയിരൂര്‍ സ്വദേശിയായ സിംപിള്‍ എന്നുവിളിക്കുന്ന സതീഷ് സാവനെ(42) പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

ചെമ്മരുതി എണാറുവിളയില്‍ ഭീഷ്മാലയത്തില്‍ ഷീജ(52)യെയും കുടുംബത്തെയുമാണ് പ്രതികള്‍ വീടുകയറി ആക്രമിച്ചത്. കഴിഞ്ഞ മാസം 19 ന് രാത്രി പതിനൊന്നര മണിയോടെ ഷീജയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഷീജയുടെ മകനെ മര്‍ദ്ദിക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന ബൈക്ക് ചുറ്റിക കൊണ്ട് അടിച്ച് തകര്‍ത്തു. തുടര്‍ന്ന് ഷീജയ്ക്കും മകനും നേരെ പ്രതികള്‍ അസഭ്യ വര്‍ഷം നടത്തി ഭീഷണിയും മുഴക്കുകയും ചെയ്തു.

രണ്ടാം പ്രതി ആരോമല്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ബൈക്കിന് പുറത്ത് ഒഴിച്ച് കത്തിക്കാന്‍ തുനിഞ്ഞതോടെ ഷീജയുടെ മകന്‍ വീടിന് പുറത്തേക്കിറങ്ങി. ഇതോടെ പ്രതികള്‍ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. പ്രതികളില്‍ ഒരാളിന്റെ കൂട്ടുകാരന്റെ ബൈക്ക് നശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ഷീജയുടെയും മകന്റെയും നേരെ പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടത്. പ്രതി ആരോമല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Related posts

Leave a Reply

Your email address will not be published. Required fields are marked *