Breaking News

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍മാരേയും, നേഴ്‌സുമാരേയും പ്രതി ചേര്‍ത്തു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 2 ഡോക്ടര്‍മാരേയും 2 നേഴ്‌സുമാരേയും പ്രതി ചേര്‍ത്തു. ഇന്നലെയാണ് ഇവരെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.

അര്‍ഹതപ്പെട്ട നീതി തേടി 104 ദിവസം നീണ്ട സമരമാണ് ഹര്‍ഷിന അവസാനിപ്പിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയാണ് സമരം അവസാനിപ്പിക്കാന്‍ ഹര്‍ഷിന തീരുമാനിച്ചത്. സമരം പൂര്‍ണ്ണ വിജയമാണെന്ന് ഹര്‍ഷിന പറഞ്ഞു. നഷ്പപരിഹാരം നല്‍കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് അനുകൂല തീരുമാനമെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹര്‍ഷിനയുടെ സമരം. ഹര്‍ഷിനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടര്‍മാരേയും രണ്ട് നേഴ്‌സുമാരേയും പ്രതി ചേര്‍ത്ത് ഇന്നലെയാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ഇതിന് പിന്നാലെ ഇവരുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ അന്വേഷണ സംഘം നീക്കവും തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാലു പ്രതികള്‍ക്കും നോട്ടീസ് നല്കി. പ്രതികള്‍ മുന്‍ കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് വിവരം. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം രണ്ടു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *