Breaking News

സൂര്യരഹസ്യം തേടി ഇന്ത്യ; ആദിത്യ എല്‍ 1 വിക്ഷേപിച്ചു

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യയുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി എക്‌സ്എല്‍ സി57 റോക്കറ്റ് കുതിച്ചുയരുന്നു

ചെന്നൈ: സൂര്യരഹസ്യം തേടി ഇന്ത്യയുടെ ആദിത്യ എല്‍ 1 വിക്ഷേപിച്ചു. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ 1 ഇന്ന് 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് കുതിച്ചുയര്‍ന്നത്. പി.എസ്.എല്‍.വി എക്‌സ്എല്‍ സി57 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ആദിത്യയുടെ ഭാരം 1480.7 കിലോയാണ്. ആദ്യ രണ്ടു ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടെന്നും പേലോഡുകള്‍ വേര്‍പെട്ടെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഇവിടെനിന്നു തടസ്സമോ മറവോ കൂടാതെ സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാനും പഠിക്കാനും കഴിയും. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

വിക്ഷേപിച്ച് 64 മിനിറ്റിനുശേഷം, ഭൂമിയില്‍നിന്ന് 648.7 കിലോമീറ്റര്‍ അകലെ, ആദിത്യ റോക്കറ്റില്‍നിന്നു വേര്‍പെടും. തുടര്‍ന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയര്‍ത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവില്‍ എത്തുക. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്.

സൗര അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വര്‍ഷത്തോളം പഠിക്കും. വിവിധ പഠനങ്ങള്‍ക്കായി വെല്‍ക്, സ്യൂട്ട്, സോളക്‌സ്, ഹെലിയസ്, അസ്‌പെക്‌സ്, പാപ, മാഗ് എന്നീ 7 പേലോഡുകള്‍ ആദിത്യയിലുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *