

വര്‍ക്കല: സെക്രട്ടേറിയറ്റ് തമ്പുരാന് കോട്ടയെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരെ വേദിയിരുത്തിയായിരുന്നു സ്വാമി സച്ചിദാനന്ദയുടെ വിമര്‍ശനം. സെക്രട്ടേറിയറ്റിനെ കുറിച്ച് ഗുരു നിത്യചൈതന്യ യതി പറഞ്ഞ തമ്പുരാന് കോട്ടയെന്ന വിശേഷണം ഓര്‍മ്മിപ്പിച്ചാണ് സ്വാമി സച്ചിദാനന്ദ സെക്രട്ടേറിയറ്റ് ഇന്നും തമ്പുരാന് കോട്ടയായി തുടരുന്നുവെന്ന വിമര്‍ശനം ഉന്നയിച്ചത്. തുല്യമായ സാമൂഹ്യനീതി കൈവന്നിട്ടില്ലെന്ന് വിമര്‍ശിച്ച സ്വാമി സച്ചിദാനന്ദ ദൈവദശകം പ്രാര്‍ത്ഥനാ ഗീതമായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കെ.കരുണാകരന്റെയും വി.എസ്.അച്യുതാനന്ദന്റെയും ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭകള്‍ പിന്നിട്ട് ഇപ്പോള്‍ പിണറായി സര്‍ക്കാരില്‍ എത്തിനിന്നിട്ടും തമ്പുരാന് കോട്ടയ്ക്ക് യാതൊരുവിധ മാറ്റവും വന്നിട്ടില്ല. ശ്രീനാരായണഗുരു ഉയര്‍ത്തിയ നവോത്ഥാന മുന്നേറ്റം അദ്ദേഹത്തിന്റെ സമാധിയോടുകൂടി അവസാനിച്ചു. ഗുരുദേവന് ശേഷം നവോത്ഥാന പ്രവര്‍ത്തനങ്ങളൊന്നും തന്നെ കേരളത്തില്‍ സംഭവിച്ചിട്ടില്ല- സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. ഗുരുദേവ ജയന്തിയുടെ നിര്‍വഹിച്ച് മന്ത്രി മുഹമ്മദ് റിയാസ് മടത്തിയ പ്രഭാഷണത്തിന് പിന്നാലെയായിരുന്നു എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ സ്വാമി സച്ചിദാനന്ദയുടെ വിമര്‍ശിച്ചത്.

ശബരിമലയും ഗുരുവായൂരും പോലുള്ള മഹാക്ഷേത്രങ്ങളില്‍ പൂജാരിമാരെയും ശാന്തിമാരെയും നിയമിക്കുന്നതിനുള്ള അപേക്ഷയില്‍ അപേക്ഷകര്‍ ബ്രാഹ്മണരായിരിക്കണമെന്ന വ്യവസ്ഥ ഇന്നും നിലനില്‍ക്കുന്നത് തുല്യമായ സാമൂഹ്യനീതി കേരളത്തിന് കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്നതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. അധഃസ്ഥിത വിഭാഗത്തിന് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം മാത്രം പോര, ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തവും വേണമെന്ന നിലപാടാണ് തന്റെ വാക്കുകളിലൂടെ സ്വാമി സച്ചിദാനന്ദ മുന്നോട്ടുവച്ചത്. കേരളത്തില്‍ മാറിമാറി അധികാരത്തില്‍ വന്ന എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ വിമര്‍ശിച്ചുകൊണ്ടുള്ള സ്വാമി സച്ചിദാനന്ദയുടെ വാക്കുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.

