

തിരുവനന്തപുരം: സാക്ഷിയെ പ്രതി കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പിച്ചു. വഞ്ചിയൂര്‍ കോടതി വളപ്പിലാണ് സംഭവം. വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് കുത്തിയത്. 2014-ല്‍ പേരൂര്‍ക്കട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ വിമലും ജോസും ജാമ്യത്തില്‍ ആയിരുന്നു.

ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി (പതിനൊന്ന്) കേസ് പരിഗണിക്കുമ്പോള്‍ സാക്ഷി പറയാനെത്തിയ സന്ദീപിനെയാണ് കോടതി വളപ്പില്‍ കത്തി ഉപയോഗിച്ച് ശരീരത്തിന്റെ പുറകുവശത്ത് കുത്തിയത്. പൊലീസെത്തി വിമലിനെ അറസ്റ്റു ചെയ്തു. സന്ദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപിന് ആറു തുന്നലിടേണ്ടിവന്നു. എറണാകുളത്തുനിന്നാണ് മഹസര്‍ സാക്ഷിയായ സന്ദീപ് സാക്ഷി പറയാനെത്തിയത്.

