Breaking News

നാട്ടുകാരുടെ പ്രതിഷേധം; തീരദേശ ഹൈവേയുടെ സര്‍വ്വേ പ്രതിസന്ധിയില്‍

പ്രതീകാത്മക ചിത്രം

കൊല്ലം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ തീരദേശ ഹൈവേയുടെ സര്‍വ്വേ പ്രതിസന്ധിയില്‍. നഷ്ടപരിഹാര തുകയെക്കുറിച്ച് വ്യക്തത നല്‍കാത്തതും അലൈന്‍മെന്റിനെക്കുറിച്ച് സൂചന നല്‍കാത്തതുമാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. ഈ രണ്ട് കാര്യങ്ങളിലും വ്യക്തത ഇല്ലാതെ സ്ഥലം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് തീരവാസികള്‍. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരവിപുരത്ത് നിന്ന് പുനരാരംഭിച്ച കല്ലിടല്‍ വീണ്ടും നിലച്ച അവസ്ഥയിലാണ്.

വീട്ടുമുറ്റത്ത് വരെ കല്ലുകളിട്ട് സ്ഥലം തിട്ടപ്പെടുത്തിയുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചു. ഒറ്റത്തവണ നഷ്ടപരിഹാരമായി 13 ലക്ഷം രൂപ അല്ലെങ്കില്‍ 600 ചതുരശ്ര അടി ഫ്‌ലാറ്റ് എന്നതാണ് പാക്കേജ്. ഇതില്‍ അസംതൃപ്തരാണ് തീരവാസികള്‍. ദേശീയപാതാ വികസന മോഡല്‍ നഷ്ടപരിഹാരമാണ് തീരവാസികളുടെ ആവശ്യം.

പദ്ധതി ആരാധനാലയങ്ങളെ ബാധിക്കുന്നതിനാല്‍ മുണ്ടയ്ക്കല്‍ പാപനാശം മുതല്‍ പോര്‍ട്ട് വരെയുള്ള പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമുണ്ട്. ജനങ്ങളുമായി ചര്‍ച്ച നടത്താതെയാണ് ജില്ലയില്‍ 57 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതെന്നും പരാതിയുണ്ട്. ദേശീയപാത 66ലെ 9 കിലോമീറ്റര്‍ സഹിതം കൊല്ലം ജില്ലയില്‍ 51 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ട തീരദേശപാതയുടെ നീളം.

Related posts

Leave a Reply

Your email address will not be published. Required fields are marked *