Breaking News

ആറ്റിങ്ങലില്‍ യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ശ്രീജിത്ത്

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ യുവാവ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് സംശയം. ലഹരി സംഘങ്ങള്‍ തമ്മിലുള്ള വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം ചിരട്ട മണക്കാട് വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന ശ്രീജിത്ത്(24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെ ശ്രീജിത്തിനെ രണ്ട് പേര്‍ ചേര്‍ന്ന് സ്‌കൂട്ടറില്‍ അവശ നിലയില്‍ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഡോക്ടര്‍മാര്‍ ശ്രീജിത്തിന്റെ മരണം സ്ഥിരീകരിച്ചതോടെ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചവരില്‍ ഒരാള്‍ സ്‌കൂട്ടറുമെടുത്ത് കടന്നുകളഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരവമറിയിച്ചു. പോലീസ് എത്തി ശ്രീജിത്തിനെ ആശപത്രിയില്‍ എത്തിച്ചവരില്‍ ഒരാളെയും അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരാളിനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ശരീര പരിശോധനയില്‍ ശ്രീജിത്തിന്റെ ശരീരത്തിലാകമാനം മര്‍ദ്ദനമേറ്റ പാടുകളുണ്ട്.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് ശ്രീജിത്തിന്റെ മരണം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ലഹരിസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമട്ടലില്‍ മരണം സംഭവിച്ചതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ലഹരി കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വിനീത് എന്നയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.

ശ്രീജിത്തും വിനീതുമായി ലഹരി മരുന്ന് ഇടപാട് ഉണ്ടായിരുന്നതായും പണത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രീജിത്ത് കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് സംശയിക്കുന്നത്. ഒന്നര മാസം മുമ്പ് പേരൂര്‍ക്കടയില്‍ ഒരു കല്യാണ വീട്ടില്‍ ആക്രമണം നടത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്.

വിനീതിനുവേണ്ടി ആറ്റിങ്ങല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറല്‍ എസ്.പി.ശില്‍പ ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേസില്‍ പ്രതികളെ പിടിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാമെന്ന് അവര്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *