

തിരുവനന്തപുരം: പ്രതിപക്ഷത്തിനല്ല സി.പി.എമ്മിനാണ് പിണറായിയെ ഭയമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ടുയര്‍ന്ന മാസപ്പടി വിവാദ വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍ മൗനം പാലിച്ചത് പിണറായിയുടെ മറുപടി ഭയന്നാണെന്ന് സി.പി.എം നേതാവ് എ.കെ.ബാലന്‍ പറഞ്ഞിരുന്നു. എ.കെ.ബാലനുള്ള മറുപടി എന്ന നിലയിലാണ് മാത്യു കുഴല്‍നാടന്റെ പ്രസ്താവന.

സി.പി.എം മുമ്പ് ജനങ്ങളെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സി.പി.എം ഭയപ്പെടുന്നത് പിണറായി വിജയനെയാണ്. പി.ബി മുതല്‍ താഴേത്തട്ടിലുള്ള നേതാക്കള്‍ വരെ എല്ലാവരും പിണറായിയെ ഭയപ്പെടുന്നു-മാത്യു വിശദമാക്കി. മാസപ്പടി വിവാദ വിഷയവുമായി ബന്ധപ്പെട്ട സി.പി.എം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള ന്യായീകരണം വെറും രണ്ട് വരിയിലൊതുക്കി വീണാ വിജയന് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ഈ ഭയത്തിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.എം.ആര്‍.എല്‍ എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് കൈപ്പറ്റിയ പണത്തെ കുറിച്ച് വീണാ വിജയന്‍ ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച റിട്ടേണുകളിലോ ഭര്‍ത്താവ് മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലോ പറഞ്ഞിട്ടില്ലെന്നും മാത്യു ആരോപിച്ചു. ഒന്നുകില്‍ സത്യവാങ്മൂലം തെറ്റാണെന്ന് സമ്മതിക്കണം അല്ലെങ്കില്‍ പണം കൈപ്പറ്റിയിട്ടില്ല എന്ന് സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2016-17 ല്‍ 8,25,708 രൂപ വരുമാനം ആദായനികുതി റിട്ടേണില്‍ കാണിച്ച വീണാ വിജയന്‍ 2017-18ല്‍ 10,42,864 രൂപയും 2018-19 ല്‍ 22 ലക്ഷം രൂപയും 2019-20 ല്‍ 30,72,841 രൂപയുമാണ് വരുമാനം കാണിച്ചിരിക്കുന്നത്. സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയെങ്കില്‍ എന്തുകൊണ്ട് അക്കാര്യം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചില്ലെന്ന് വെളിപ്പെടുത്തണമെന്നും മാത്യു പറഞ്ഞു.
രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് ബിസിനസ് പാടില്ലെന്ന് പറയുന്നില്ലെന്നും എന്നാല്‍ ബിസിനസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടപാടുകളില്‍ സംശയം ഉടലെടുത്ത സ്ഥിതിക്ക് ബിസിനസ് പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ പേര് വീണാ വിജയന്‍ പുറത്തുവിടണം. നിയമസഭയില്‍ മൈക്ക് ഓഫാക്കിയതുകൊണ്ടോ ഭീഷണി മുഴക്കിക്കൊണ്ടോ തന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.