Breaking News

രാജ്യദ്രോഹ കുറ്റം റദ്ദാക്കും; ഭാരതീയ സംഹിത സുരക്ഷാ ബില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ബ്രിട്ടീഷ് ഭരണകാലത്തെ ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരം ഭാരതീയ സംഹിത സുരക്ഷാ ബില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണ്ണമായും പിന്‍വലിക്കുമെന്നതാണ് പുതിയ ബില്ലിന്റെ പ്രത്യേകത. പുതിയ ബില്ലിന്റെ സെക്ഷന്‍ 150-ല്‍ രാജ്യത്തെനെതിരായ കുറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

പുതിയ നിയമങ്ങളുടെ പേരിലും പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഐ.പി.സി ഭാരതീയ ന്യായ സംഹിത എന്ന പേരിലും സി.ആര്‍.പി.സി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്ന പേരിലും ഇന്ത്യന്‍ എവിഡന്‍സ് ആക്ട് ഭാരതീയ സാക്ഷ്യ ബില്‍ എന്ന പേരിലുമാകും ഇനി അറിയപ്പെടുക. നീതി ഉറപ്പിക്കാനാണ് ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരം ക്രിമിനല്‍ നിയമം പരിഷ്‌കരിക്കുന്ന പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന് അമിത് ഷാ പറഞ്ഞു.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിലവില്‍വന്ന നിയമങ്ങള്‍ക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികള്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ തെളിവായി ശേഖരിക്കും. കോടതികളില്‍ വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ നിയമം സഹായിക്കും. പരാതിക്കാരന് 90 ദിവസത്തിനുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് കിട്ടും. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിടുമെന്ന് ഷാ വിശദമാക്കി. ഐ.പി.സി, സി.ആര്‍.പി.സി, എവിഡന്‍സ് ആക്ട് 1872 എന്നിവയില്‍ മാറ്റം വരുത്താനായി 2020 മാര്‍ച്ചിലാണ് ക്രിമിനല്‍ നിയമ പരിഷ്‌കരണ കമ്മിറ്റി രൂപീകരിച്ചിരുന്നു.

ദില്ലിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ആയ ഡോ.റണ്‍ബീര്‍ സിംഗിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. നിയമ അധ്യാപകരും മുതിര്‍ന്ന അഭിഭാഷകരും മുതിര്‍ന്ന ജഡ്ജുമാരും അടങ്ങുന്നതായിരുന്നു കമ്മിറ്റി. ഫെബ്രുവരി 2022ലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ 2022ലാണ് നിയമ മന്ത്രാലയം സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നതായി രാജ്യസഭയെ അറിയിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *