Breaking News

ആറ്റിങ്ങലില്‍ ഗുണ്ടകളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഏറ്റുമുട്ടി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരത്തില്‍ അര്‍ദ്ധരാത്രി ഗുണ്ടകളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ ഏറ്റുമുട്ടി. കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിന് സമീപം പാര്‍വതിപുരം ഗ്രാമം റോഡിലുള്ള ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മൂന്നംഗ ഗുണ്ടാസംഘവുമാണ് പരസ്പരം ഏറ്റുമുട്ടിയത്. അക്രമികള്‍ അഞ്ച് ഓട്ടോറിക്ഷകള്‍ തല്ലിത്തകര്‍ത്തു. ഇന്ന് അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബെന്‍സ് കാറില്‍ എത്തിയ മൂന്നംഗ സംഘമാണ് ഓട്ടോറിക്ഷകള്‍ തല്ലിത്തകര്‍ത്തത്.

ആറ്റിങ്ങല്‍ രാമച്ചംവിള ചരുവിള പുത്തന്‍വീട്ടില്‍ രഞ്ജിത്ത് എന്ന ഓട്ടോ ഡ്രൈവറെ അക്രമികള്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ അര്‍ദ്ധരാത്രി ബെന്‍സ് കാറില്‍ ഓട്ടോ സ്റ്റാന്‍ഡിലെത്തി ഹോക്കി സ്റ്റിക് ഉപയോഗിച്ച് രഞ്ജിത്തിന്റെ ഓട്ടോ അടിച്ച് തകര്‍ക്കുകയും രഞ്ജിത്തിനെ മര്‍ദ്ദിക്കുകയും ചെയ്തത് എന്നാണ് പോലീസിന് ലഭിച്ച പരാതി. രഞ്ജിത്തിന്റെ ഓട്ടോ മാത്രമല്ല ആ സമയം ഓട്ടോസ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന മറ്റ് നാല് ഓട്ടോറിക്ഷകള്‍ കൂടി പ്രതികള്‍ തല്ലിത്തകര്‍ത്തു. ആക്രമണത്തില്‍ രഞ്ജിത്തിന്റെ വലത് കാല്‍മുട്ടിന് താഴെ സാരമായ പരിക്കേറ്റിട്ടുണ്ട്.

ആറ്റിങ്ങല്‍ പോലീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നാണ് ലഭിക്കുന്ന വിവരം. അക്രമി സംഘത്തില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *