Breaking News

വീണ മാസപ്പടി വാങ്ങിയിട്ടില്ല; വിവാദം രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്ന് സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ ന്യായീകരണവുമായി സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവനരംഗവുമായി ബന്ധപ്പെട്ട് വാര്‍ഷിക അടിസ്ഥാനത്തിലുണ്ടാക്കിയ കരാറാണ് സി.എം.ആര്‍.എല്ലും എക്‌സാലോജിക് സൊഷ്യാഷന്‍സും തമ്മിലുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നു.

ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡും സി.എം.ആര്‍.എല്ലും തമ്മിലുള്ള വ്യവഹാരത്തില്‍ വീണയുടെ കമ്പനി കക്ഷിയേ അല്ല. വീണയുടെ ഭാഗം ആദായ നികുതി വകുപ്പ് കേട്ടിട്ടുമില്ല. എന്നിട്ടും വീണയെയും അവരുടെ കമ്പനിയെയും ഈ കേസുമായി ബന്ധിപ്പിക്കാന്‍ ശ്രമം നടക്കുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് ഇത്തരം കള്ള പ്രചരണങ്ങള്‍ നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍തന്നെ മുഖ്യമന്ത്രിയുടെ മകളെ സി.എം.ആര്‍.എല്ലുമായുള്ള നിയമപരമായ കരാറിന്റെ പേരില്‍ കുടുക്കാന്‍ നടത്തുന്ന ഗൂഢാലോചനയാണിതെന്നും സി.പി.എം ആരോപിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ വിവിധ ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്ന പ്രവണത രാജ്യത്തിന്റെ നിരവധി സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നുണ്ട്. തെലങ്കാനയിലും, ബീഹാറിലും തമിഴ്‌നാട്ടിലുമൊക്കെ നടന്നുവരുന്ന ഇത്തരം ഇടപാടുകള്‍ കേരളത്തിലേക്കും വ്യാപിപ്പിക്കുകയാണ്. ഈ സെറ്റില്‍മെന്റ് ഓഡറില്‍ അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിന് പിന്നിലുള്ള ഗൂഢാലോചന വ്യക്തമാണ്. പൂര്‍ണ്ണമായി കോടതി നടപടികളില്‍ നിന്നും, പിഴയില്‍ നിന്നും ഒഴിവാക്കിയ സെറ്റില്‍മെന്റ് ഓര്‍ഡറിലാണ് ഇത്തരം പരാമര്‍ശം നടത്തിയത് എന്നതും വിസ്മയിപ്പിക്കുന്നതെന്നും സി.പി.എം പ്രതികരിച്ചു.

മാധ്യമങ്ങള്‍ക്കുനേരെയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ട്. കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്നതും, അല്ലാത്തതുമായ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്ന രീതി വലതുപക്ഷ മാധ്യമങ്ങള്‍ കേരളത്തില്‍ വികസിപ്പിച്ചിട്ട് കുറേക്കാലമായി. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇത്തരക്കാര്‍ തയ്യാറാവാറുമില്ല. അതിന്റെ ഭാഗമെന്ന നിലയിലാണ് ഈ മാധ്യമ വാര്‍ത്തകളേയും വിലയിരുത്തേണ്ടത്-ഇതൊക്കെയാണ് മാധ്യമ മേഖലയെ കുറിച്ചുള്ള സി.പി.എമ്മിന്റെ വിലയിരുത്തലുകള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *