Breaking News

അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷികള്‍

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് അവതരിപ്പിച്ചു. എന്‍.ഡി.എ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ നടത്തിയത്. കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും അസം എം.പിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. മണിപ്പുരിനെ കുറിച്ച് പ്രധാനമന്ത്രി 30 സെക്കന്‍ഡ് മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു. മണിപ്പുരിലെ അവസ്ഥ പരിഗണിച്ചാല്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യയില്‍ ഇപ്പോള്‍ രണ്ട് മണിപ്പുര്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയ് പറഞ്ഞു. ഇന്ത്യയില്‍ ഇതിന് മുമ്പ് രണ്ട് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മണിപ്പുര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി സഭയില്‍വന്ന് സംസാരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന്റെ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരില്‍ പോയില്ല, മുഖ്യമന്ത്രിയെ മാറ്റാന്‍ പ്രധാനമന്ത്രി എന്തുകൊണ്ട് തയാറാകുന്നില്ല, പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഭയില്‍ ഉന്നയിച്ചു.

അവിശ്വാസ പ്രമേയത്തില്‍ 12 മണിക്കൂര്‍ സമയം ചര്‍ച്ച നടക്കും. ഇതില്‍ 6 മണിക്കൂര്‍ 41 മിനിറ്റ് ബി.ജെ.പിക്കും 1 മണിക്കൂര്‍ 16 മിനിറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ലഭിക്കും. ലോക്‌സഭയില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ അവര്‍ക്ക് ഭയപ്പെടേണ്ട സ്ഥിതിവിശേഷം ഒട്ടുംതന്നെയില്ല. എന്നാല്‍, പ്രധാനമന്ത്രിയെ മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍തന്നെ സംസാരിപ്പിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന രാഷ്ട്രീയ നേട്ടം കോണ്‍ഗ്രസ് നേടിയെടുക്കുമെന്നത് അവരെ അസ്വസ്ഥരാക്കിയേക്കും. പത്താം തീയതിയാണ് അവിശ്വാസ പ്രമേയത്തിന്‍മേലുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം.

Related posts

Leave a Reply

Your email address will not be published. Required fields are marked *