Breaking News

വിശ്വാസികളെ മുറിപ്പെടുത്തി; എ.എന്‍.ഷംസീര്‍ നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷവും രംഗത്ത്. ഷംസീറിന്റെ പ്രസ്താവന വിശ്വാസികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സ്പീക്കര്‍ പദവിയില്‍ ഇരിക്കുന്നയാള്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണം. വിശ്വാസത്തില്‍ സ്റ്റേറ്റ് ഇടപെടരുത് എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയും ആര്‍.എസ്.എസും കിട്ടിയ അവസരം പ്രയോജനപ്പെടുത്തുകയാണ്. അതിനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കി കൊടുക്കരുത്. സി.പി.എം ഈ വിഷയം അപക്വമായാണ് കൈകാര്യം ചെയ്തത്. വിവാദം ആളിക്കത്തിക്കും വിധമുള്ള പ്രസ്താവനകളാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എരിതിയില്‍ എണ്ണ ഒഴിക്കേണ്ട എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഇപ്പോള്‍ വിഷയങ്ങള്‍ കൈവിട്ടുപോയി അതുകൊണ്ടാണ് പ്രതികരിക്കുന്നത്-വി.ഡി.സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും ബി.ജെ.പിയെ തിരിച്ചറിയാനുള്ള ശേഷി എന്‍എസ്എസിനുണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു. വിശ്വാസ സമൂഹം ഒന്നാകെ വലിയൊരു പ്രതിഷേധത്തിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കണം. ഇന്ന് തന്നെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ താല്‍പര്യമില്ല. ന്യൂനപക്ഷം ആണെങ്കിലും ഭൂരിപക്ഷം ആണെങ്കിലും ഒരു വര്‍ഗീയവാദികളെയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *