

മഞ്ചേരി: പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍വാലി അക്കാദമി എന്‍.ഐ.എ കണ്ടുകെട്ടി. പോപ്പുലര്‍ ഫ്രണ്ടി(പി.എഫ്.ഐ)ന്റെ പ്രധാന ആയുധ പരിശീലന കേന്ദ്രമാണ് മഞ്ചേരി കാരാപറമ്പിലെ ഗ്രീന്‍വാലി അക്കാദമിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലാണ് മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമി. ആദ്യം നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ടിന്റെ കേഡര്‍മാരുടെ ഉടമസ്ഥതയില്‍ ആയിരുന്ന ഈ സ്ഥാപനം പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലേക്ക് മാറിയെന്നും ആയുധ പരിശീലനം, സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം, കായിക പരിശീലനം, ക്ലാസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിരുന്നുവെന്നും എന്‍.ഐ.എ പറയുന്നു.

കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളായ പി.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഈ സ്ഥാപനത്തില്‍ സൗകര്യമൊരുക്കിയിരുന്നതായും എന്‍.ഐ.എ അറിയിച്ചു. ഗ്രീന്‍വാലി അക്കാദമിയിലെ ഫര്‍ണിച്ചറുകളും മറ്റും ഏറ്റെടുക്കുന്നതിന് എന്‍.ഐ.എ നോട്ടീസ് പതിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് കൊച്ചിയില്‍നിന്നുള്ള എന്‍.ഐ.എ സംഘമാണ് അക്കാദമിയിലെത്തി നോട്ടീസ് പതിച്ചത്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്ന് ലഘുലേഖകളും മറ്റ് പ്രസിദ്ധീകരണങ്ങളും എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമാണ് അക്കാദമി കണ്ടുകെട്ടുന്നതിനുള്ള നടപടികളെന്നാണ് ലഭിക്കുന്ന വിവരം. പെരിയാര്‍വാലി, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എഡ്യൂക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ്, മലബാര്‍ ഹൗസ് എന്നിവയാണ് നേരത്തെ എന്‍.ഐ.എ കണ്ടുകെട്ടിയ പി.എഫ്.ഐ കേന്ദ്രങ്ങള്‍.
