Breaking News

ഈ ചിരി മാഞ്ഞിട്ട് ഒരു വര്‍ഷം

അജിത് കാസര്‍കോഡ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ക്ക് ജൂലൈ 28 ന് ഒരു വയസ്സ് തികഞ്ഞു. നിറഞ്ഞ ചിരിയുമായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു അജിത്. വര്‍ക്കല, ആറ്റിങ്ങല്‍ മേഖലകളിലെ ഒട്ടുമിക്ക വാര്‍ത്താവിശേഷങ്ങളും ജനം അടുത്തറിഞ്ഞത് അജിത്തിന്റെ ക്യാമറയിലൂടെയായിരുന്നു. അജിത് എന്ന മിടുക്കനായ ഫോട്ടോഗ്രാഫറുടെ സാന്നിദ്ധ്യമില്ലാത്ത വാര്‍ത്തായിടങ്ങള്‍ വര്‍ക്കലയിലോ പരിസര പ്രദേശങ്ങളിലോ ഉണ്ടായിരുന്നില്ല എന്നുപറഞ്ഞാല്‍പോലും അതില്‍ അതിശയോക്തിയുണ്ടാവില്ല.

കോവിഡ് മഹാമാരിയുടെ താണ്ഡവത്തില്‍ പതറിപ്പോയ ജീവിതമായിരുന്നു അജിത് കാസര്‍കോഡ് എന്ന മാധ്യമ പ്രവര്‍ത്തകന്റേത്. കോവിഡ് എന്ന ദുരന്തം തകര്‍ത്തെറിഞ്ഞ ജീവിതത്തിന് അജിത് കണ്ടെത്തിയ പരിഹാരമായിരുന്നു മരണം. കോവിഡ് കാലം അജിത്തിന് സമ്മാനിച്ചത് വന്‍ സാമ്പത്തിക പരാധീനതകളായിരുന്നു. അത് മറികടക്കാന്‍ പി.ആര്‍.ഡിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആയിരുന്ന അജിത് കിണഞ്ഞു ശ്രമിച്ചിരുന്നു. അതിജീവനത്തിന്റെ പാത സ്വയം വെട്ടിത്തെളിച്ച് മുന്നേറാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം.

പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ ആയിരിക്കുമ്പോള്‍തന്നെ വര്‍ക്കലയിലെ തെരുവോരങ്ങളില്‍ അത്തര്‍ കച്ചവടക്കാരനാകേണ്ടി വന്നു എന്നത് അദ്ദേഹം നേരിട്ട സാമ്പത്തിക പരാധീനതകളുടെ കാഠിന്യം വെളിവാക്കുന്നതാണ്. അതിജീവനത്തിനായുള്ള ധീരമായ തീരുമാനത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു അത്തര്‍ കച്ചവടക്കാരന്റെ വേഷം. ജീവിതം ഒരു പോരാട്ടമാണെന്നും പോരാടി ജയിക്കുന്നവനാകണം മനുഷ്യനെന്നുമുള്ള ചിന്തയിലൂടെ മുന്നോട്ടുപോയ വ്യക്തിത്വമായിരുന്നു അദ്ദേഹന്റേതെന്ന് സഹപ്രവര്‍ത്തകര്‍ വേദനയോടെ ഓര്‍ത്തെടുക്കുന്നു.

തന്റെ സാമ്പത്തിക പരാധീനകള്‍ക്ക് മരണമെന്ന മരീചികയ്ക്കുള്ളില്‍ മറഞ്ഞുകൊണ്ട് അജിത് മറുപടി നല്‍കുമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒട്ടുംതന്നെ സംശയിച്ചിരുന്നില്ല. തന്റെ ബുദ്ധിമുട്ടുകള്‍ ആരെയും അറിയിക്കാതെ മറച്ചുവച്ച് ജീവിക്കാനാണ് അയാള്‍ ആഗ്രഹിച്ചത്. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മനസുകളില്‍ അജിത്തിന്റെ ഓര്‍മ്മകള്‍ ഇന്നും വേദനയായി അവശേഷിക്കുന്നതും അതുകൊണ്ടുതന്നെയാണ്.

2022 ജൂലൈ 29 ന് അജിത് തന്റെ വേദനകളും വിഷമങ്ങളും ബുദ്ധിമുട്ടുകളും മരണത്തിന്റെ ഇരുണ്ട ഭൂമികയില്‍ ഉപേക്ഷിച്ച് നിത്യശാന്തി തേടി യാത്രയായി. ആരോടും പറയാതെ, ആരോടും പരിഭവവും പരാതിയുമില്ലാതെ… അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഓര്‍മ്മകള്‍ക്ക് മരണമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് അജിത് കാസര്‍കോഡ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ എന്ന നിലയിലും, കേരള കൗമുദി ഫോട്ടോഗ്രാഫര്‍, ബീക്കണ്‍ ന്യൂസ് ഫോട്ടോ ഗ്രാഫര്‍ എന്ന നിലയിലും മാധ്യമ മേഖലയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയിഷന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം.

Related posts

Leave a Reply

Your email address will not be published. Required fields are marked *