Breaking News

സംഗീത ലോകത്തെ രാജഹംസം അറുപതിന്റെ നിറവില്‍

സംഗീത ലോകത്തെ രാജഹംസം അറുപതിന്റെ നിറവില്‍. വിശേഷണ പദങ്ങള്‍ക്ക് അതീതമായി മലയാളിയുടെ സ്വകാര്യ അഹങ്കാരം കൂടിയായ കെ.എസ്.ചിത്രയ്ക്ക് ഇന്ന് 60 വയസ് തികയുന്നു. സഹ്യാദ്രി മലനിരകളും കടന്ന് പാട്ടിന്റെ അമൃതമഴ പെയ്യിച്ച ചിത്രയുടെ പാട്ടിന് സംഗീതപ്രേമികള്‍ കാതോര്‍ക്കാന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടുകളിലേറെയായി. ഇന്നും ചിത്രയുടെ പാട്ടിന് സംഗീതപ്രേമികളുടെ മനസില്‍ പത്തരമാറ്റ് തിളക്കം.

1979ല്‍ അട്ടഹാസം എന്ന ചിത്രത്തിലൂടെ എം.ജി.രാധാകൃഷ്ണന്‍ എന്ന സംഗീത സംവിധായകന്‍ മലയാളിക്ക് സമ്മാനിച്ച ചിത്രയെന്ന പാട്ടുകാരി ആറ് തവണയാണ് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയത്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് 16 തവണയും നേടി. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അവാര്‍ഡും മലയാളിയുടെ അഭിമാനത്തിന്റെ സ്വര്‍ണ്ണത്തിളക്കമായി മലയാളത്തിന്റെ വാനമ്പാടിയുടെ ഷോക്കേസിലുണ്ട്.

1978 ലെ കലോത്സവവേദിയില്‍ നിന്നാണ് ചിത്രയെന്ന പെണ്‍കുട്ടിയുടെ ശബ്ദം പാട്ടിന്റെ രൂപത്തില്‍ ആസ്വാദക ശ്രദ്ധയില്‍ എത്തിയത്. 1978 മുതല്‍ 1984 വരെ ഭാരത സര്‍ക്കാരിന്റെ നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായി ചിത്ര. മലയാളികളുടെ ഇഷ്ട ഗായികയായ ചിത്ര തമിഴ് സിനിമയിലെ സംഗീത മന്നനായ ഇളയരാജയുടെ ഈണത്തിലൂടെ തമിഴകത്തും പിന്നീട് ഭാരതമൊട്ടാകെയും മിന്നിത്തിളങ്ങി. നീണ്ട നാല് പതിറ്റാണ്ടുകള്‍ക്കിടെ ചിത്ര പാടിയത് ഇരുപത്തി അയ്യായിരത്തോളം ഗാനങ്ങളാണ്.

കൃഷ്ണന്‍ നായര്‍-ശാന്തകുമാരി ദമ്പതികളുടെ മകളായി 1963 ജൂലൈ 27 ന് ജനിച്ച ചിത്രയുടെ സംഗീത ലോകത്തേക്കുള്ള വഴികാട്ടി പിതാവ് തന്നെയായിരുന്നു. സുപ്രസിദ്ധ സംഗീതജ്ഞ കെ.ഓമനക്കുട്ടിയില്‍നിന്നും കര്‍ണാടിക് സംഗീതം പഠിച്ച ചിത്ര സംഗീതം ഐശ്ചിക വിഷയമായി കേരള യൂണിവേഴ്സ്റ്റിയില്‍നിന്നും മൂന്നാം റാങ്കോടെ ബിരുദവും സ്വന്തമാക്കി. സംഗീത ലോകത്ത് തിളങ്ങി നില്‍ക്കുമ്പോഴും ലാളിത്യവും വിനയവുമാണ് ചിത്രയുടെ മുഖമുദ്ര.

കലാജീവിതത്തിനുമപ്പുറം കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ചിത്ര. മലയാളികളുടെ ഐശ്വര്യത്തിന്റെ ചിരിയുമായി ചിത്ര സംഗീതയാത്ര തുടരുന്നു. ചിത്രയെ സംബന്ധിച്ചിടത്തോളം സംഗീതമെന്നത് തപസ്യയാണ്. ആ തപസ്യയുടെ തപോഫലം നുകരാന്‍ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *