

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ടിപ്പറും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കല്‍ മണ്ണിടിഞ്ഞ കുഴി സജിത മന്‍സിലില്‍ സുബൈദ(45)യാണ് മരിച്ചത്. മകന്‍ മുനീറി(22)നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. സുബൈദയും മകനും ആറ്റിങ്ങല്‍ വാറുവിളയിലെ ഒരു വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. പാറയടി അയിലം റോഡിലെ വാറുവിള വളവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

സുബൈദയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍നിന്നും തെറിച്ചുവീണ സുബൈദ ടിപ്പറിനടിയില്‍പെടുകയായിരുന്നു. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ ഓടിക്കൂടി സുബൈദയെയും മകനെയും ആംബുലന്‍സില്‍ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുബൈദയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ടിപ്പര്‍ ഡ്രൈവറെ ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് തുടര്‍ന്നുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു. സുബൈദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

