Breaking News

ജനനായകൻ മൺമറഞ്ഞു; ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളി വലിയ പള്ളിയിൽ അന്ത്യവിശ്രമം

എല്ലാം പൂർത്തിയായിരുന്നു
അവൻ തല ചായ്ച്ച്
ആത്മാവിനെ സമർപ്പിച്ചു
(ബൈബിൾ വചനം)
ജനലക്ഷങ്ങളുടെ അശ്രു പുഷ്പങ്ങൾ ഏറ്റുവാങ്ങി ജനനായകൻ മൺമറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം ജന്മനാടായ പുതുപ്പള്ളിയിലെ വലിയ പള്ളിയിൽ കബറടക്കി. വെള്ളിയാഴ്ച പുലർച്ചെ 12. 05 നാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്കാര ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. 20 മെത്രാപ്പോലീത്തമാരും ആയിരത്തോളം പുരോഹിതന്മാരും ചടങ്ങുകൾക്ക് സഹകാർമികത്വം വഹിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി യും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ നാടിൻറെ നാനാഭാഗത്തുനിന്നും ജനങ്ങൾ ഒഴുകിയെത്തിയതോടെ മുൻ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് പുതുപ്പള്ളി വലിയ പള്ളിയിലേക്ക് സംസ്കാര ചടങ്ങുകൾക്കായി ഭൗതിക ദേഹം എത്തിക്കാൻ സാധിച്ചത്.

കുടുംബവീട്ടിലെ ശുശ്രൂഷ ചടങ്ങുകൾക്കും പൊതു ദർശനത്തിനും ശേഷം ഭൗതിക ദേഹം ഉമ്മൻചാണ്ടിയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയും ശുശ്രൂഷ ചടങ്ങുകളും പൊതുദർശനവും കഴിഞ്ഞ ശേഷം രാത്രി എട്ടരയോടെയാണ് ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളി വലിയ പള്ളിയിലേക്ക് തിരിച്ചത്.

വിലാപയാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും പങ്കുചേർന്നു. മന്ത്രിമാരും എംഎൽഎമാരും എംപിമാരും പ്രതിപക്ഷ നേതാവും മറ്റു രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുത്തത്. വലിയ പള്ളിയിലേക്കുള്ള വിലാപയാത്രയിലും ജനസഹസ്രങ്ങൾ ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹത്തെ അനുഗമിച്ചു. രാത്രി 9 മണിയോടെ വിലാപയാത്ര വലിയ പള്ളിയിൽ എത്തിച്ചേർന്നു. അവിടെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനം കഴിഞ്ഞ ശേഷമാണ് അവസാനഘട്ട സംസ്കാര ശുശ്രൂഷ ചടങ്ങുകൾ ആരംഭിച്ചത് ശുശ്രൂഷ ചടങ്ങുകൾക്കു ശേഷം വെള്ളിയാഴ്ച പുലർച്ചെ 12. 05 ന് വലിയ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊണ്ടു.

നിത്യതയിൽ അലിഞ്ഞത് കേരളക്കരയുടെ നല്ല ഇടയൻ

സ്നേഹത്താൽ അളന്നു കൊടുത്താൽ സ്നേഹം കൊണ്ടുതന്നെ അളന്നു കിട്ടുമെന്ന വാക്കുകൾ അന്വർത്ഥമാക്കുന്ന കാഴ്ചകളാണ് ഉമ്മൻചാണ്ടി എന്ന നല്ല ഇടയന്റെ ദേഹവിയോഗത്തിനുശേഷം ഈ നിമിഷം വരെ കേരളം കണ്ടത്. ഉമ്മൻചാണ്ടി എന്ന സ്നേഹനിധിയായ പൊതുപ്രവർത്തകൻ നിത്യതയിലേക്ക് അലിഞ്ഞുചേർന്നത് ആ സ്നേഹവായ്പ്പിന്റെ മധുരമറിഞ്ഞ ജനലക്ഷങ്ങളുടെ മനസ്സിൽ ഒരു പിടി നല്ല ഓർമ്മകൾ ബാക്കിവെച്ചാണ്. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്തുനിന്ന് ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചത് മുതൽ വഴിയരികിൽ കാത്തുനിന്ന ജനസാഗരം കേരള ജനതയ്ക്ക് ഉമ്മൻചാണ്ടി എന്ന പ്രിയ നേതാവിനോടുള്ള സ്നേഹാദരങ്ങൾക്ക് സാക്ഷ്യം പറയും. 6 പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തനത്തിലൂടെ ഉമ്മൻചാണ്ടി വിതച്ചതും കൊയ്തതും സ്നേഹമായിരുന്നു എന്നതിന് തെളിവാണ് നിറകണ്ണുകളോടെ കേരളജനത അദ്ദേഹത്തിന് നൽകിയ യാത്രാമൊഴി. ജനസമ്പർക്ക പരിപാടിയിലൂടെ ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ പ്രിയ നേതാവിന് കേരള ജനത ഊണും ഉറക്കവും ഉപേക്ഷിച്ച് വഴിയരികിൽ കാത്തുനിന്ന് അന്ത്യോപചാരങ്ങൾ അർപ്പിച്ചത് അവിസ്മരണീയമായ കാഴ്ച തന്നെയായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷയ്ക്കിടെ ഭൗതിക ശരീരത്തിലേക്ക് തൈലം പകരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഉമ്മൻ ചാണ്ടിയുടെ മക്കളായ ചാണ്ടി, മറിയം, കൊച്ചുമകൻ എഫിനോവ തുടങ്ങിയവർ സമീപം.

ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന് കേരളം ജനലക്ഷങ്ങൾക്കിടയിലൂടെ തന്നെ അന്ത്യ യാത്ര ഒരുക്കിയത് കാലം കാത്തുവച്ച കാവ്യനീതിയായി. സ്നേഹാദരങ്ങളുടെ കടലാഴങ്ങൾ അറിഞ്ഞായിരുന്നു കേരളത്തിൻറെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ അവസാന യാത്ര. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം സാധാരണക്കാരന്റെ വാഹനമായി മാറിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അതുകൊണ്ടാണ് ഉമ്മൻചാണ്ടി നടന്നുപോയ വഴികളിൽ കണ്ണേ കരളേ കുഞ്ഞൂഞ്ഞേ എന്ന മുദ്രാവാക്യം മുഴങ്ങിയത്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വഴികളിലൂടെ മാത്രമല്ല സഹനത്തിന്റെ വഴികളിലൂടെയും ജനങ്ങൾ സ്നേഹാദരങ്ങളോടെ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ഉമ്മൻചാണ്ടി നടന്നു പോയിട്ടുണ്ട്.

രാഷ്ട്രീയ സമര കോലാഹലങ്ങൾ അതിൻറെ എല്ലാ സീമകളും ലംഘിച്ച നിമിഷങ്ങളിൽ തനിക്ക് നേരെ ചീറിവന്ന കല്ലുകൾക്ക് മുന്നിൽ അചഞ്ചലനായി നിന്നു ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയക്കാരൻ. നെറ്റിയുടെ വലതുഭാഗത്ത് കല്ല് പതിച്ച അക്ഷോഭ്യനായി നിന്ന ഉമ്മൻചാണ്ടിയുടെ ചിത്രം കേരള ജനത അന്നും ഇന്നും എന്നും ഓർക്കുന്ന ചിത്രമാണ്. കല്ലെറിഞ്ഞ ആളിന്റെ മാപ്പപേക്ഷ സ്വീകരിച്ച് പുഞ്ചിരിയോടെ അതെല്ലാം മറന്നേക്കൂ, സാരമില്ല എന്ന് ഹൃദയത്തിൻറെ ഭാഷയിൽ പറഞ്ഞ ഉമ്മൻചാണ്ടിയിലൂടെ കേരളം കണ്ടത് കൂട്ടംതെറ്റിയ കുഞ്ഞാടിനു വേണ്ടി നിലകൊണ്ട ആ പഴയ നല്ല ഇടയന്റെ മനസ്സാണ്. അതെ, ശരീരമെന്ന കൂടുപേക്ഷിച്ചു അത്യുന്നതങ്ങളിലേക്ക് യാത്രയായത് കേരളക്കരയുടെ നല്ല ഇടയൻ തന്നെയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *