Breaking News

മുണ്ടക്കയം പുലിക്കുന്നിലിറങ്ങിയ പുലി കെണിയില്‍ കുടുങ്ങി

മുണ്ടക്കയം പുലിക്കുന്നില്‍ പുലി കെണിയില്‍ കുടുങ്ങിയപ്പോള്‍

മുണ്ടക്കയം: മുണ്ടക്കയം പുലിക്കുന്ന് പ്രദേശത്ത് പുലി കെണിയില്‍ കുടുങ്ങി. ഇന്നലെ രാത്രി 8 നും 9 നും ഇടയ്ക്കാണ് വനംവകുപ്പ് ഒരുക്കിയ കെണിയില്‍ ആണ്‍പുലി കുടുങ്ങിയത്. കഴിഞ്ഞ ഒരു മാസമായി പുലിക്കുന്ന് പ്രദേശത്ത് ഭീതി പരത്തി വിലസുകയായിരുന്നു പുലി. പ്രദേശത്ത് ആടുകളെ പിടികൂടുന്നത് അജ്ഞാതജീവിയാണെന്ന തരത്തിലായിരുന്നു വാര്‍ത്ത പരന്നിരുന്നത്. എന്നാല്‍ പിന്നീടാണ് അജ്ഞാത ജീവിയല്ല പുലിയാണ് ആടുകളെ പിടിക്കുന്നതെന്ന് മനസിലായത്.

ഒരു മാസം മുമ്പ് പുലിക്കുന്ന് പ്രദേശത്ത് രാജീവ് എന്നയാള്‍ വളര്‍ത്തിയിരുന്ന 2 ആടുകളെയാണ് പുലി പിടിച്ചത്. തണ്ണിമല പ്രദേശത്തുനിന്ന് ഒരു ആടിനെയും കഴിഞ്ഞ ചൊവ്വാഴ്ച പുലിക്കുന്ന് പ്രദേശത്തുള്ള സുദന്‍ എന്നയാളിന്റെ ആടിനെയും പുലി പിടിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ സ്ഥലം എം.എല്‍.എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ വിവരം അറിയിച്ചു. എം.എല്‍.എ വനംവകുപ്പുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കെണി സ്ഥാപിക്കുകയായിരുന്നു.

രാത്രി എട്ട് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ പുലി എത്തുമെന്ന നിഗമനത്തില്‍ ആ സമയം പ്രദേശത്തുണ്ടായിരുന്ന ആടുകളെ മാറ്റി പാര്‍പ്പിച്ചു. ചൊവ്വാഴ്ച ദിവസം പുലി പിടിച്ച ആടിന്റെ അവശിഷ്ടവും കൂടിനുള്ളില്‍ വച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെതന്നെ രാത്രി എട്ട് മണിക്കും ഒന്‍പത് മണിക്കുമിടയില്‍ ഇര തേടിയെത്തിയ പുലി കൃത്യം കൂട്ടിനകത്ത് കയറുകയും കെണിയില്‍പെടുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍നിന്നും 18 കി.മീ അകലെയുള്ള ഉള്‍ക്കാട്ടില്‍ കൊണ്ടുവിട്ടു.

ഒരു മാസത്തോളമായി പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുലിയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. എരുമേലി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര്‍.ജയന്‍, ഗ്രേഡ് ഫോറസ്റ്റ് ഓഫീസര്‍ കെ.വി.ഫിലിപ്, പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍, മുണ്ടക്കയം ഫെയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് പുലിയെ കെണിയില്‍ കുടുക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *