

ബംഗളൂരു: അന്തരിച്ച കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഹുലും സോണിയയും എത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ബംഗളൂരുവിലെ മന്ത്രി ടി.ജോണിന്റെ വസതിയില്‍ എത്തിയാണ് നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

ബംഗളൂരു ഇന്ദിരാനഗറില്‍ മന്ത്രി ടി.ജോണിന്റെ വസതിയില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം, മൃതദേഹം ഉച്ചയ്ക്ക് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചു. ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ സ്ഥിരമായി പോകാറുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് ഇന്ദിരാ ഭവനിലെത്തിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും.

