Breaking News

ആറ്റിങ്ങലില്‍ എം.ഡി.എം.എയും കഞ്ചാവും പിടികൂടി; പ്രതി അറസ്റ്റില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ എം.ഡി.എം.എയും കഞ്ചാവും വില്‍പന നടത്തിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കൂന്തള്ളൂര്‍ ശിവശക്തിയില്‍ രാധാകൃഷ്ണന്‍ നായരുടെ മകന്‍ അമല്‍ രാജു(23)വിനെയാണ് ആറ്റിങ്ങല്‍ പോലീസ് ഡാന്‍സാഫ് ടീമിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ആശാ ലോഡിജില്‍ നിന്നാണ് അമല്‍ രാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ലോഡ്ജിലെ രണ്ടാം നിലയില്‍ മുറിയെടുത്ത് താമസിച്ച് ലഹരിമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു ഇയാള്‍.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.15 ഓടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. നിയമാനുസരണം ഗസറ്റഡ് ഓഫീസറെ സ്ഥലത്ത് എത്തിച്ചായിരുന്നു പോലീസ് പ്രതിയുടെ ദേഹപരിശോധന നടത്തിയത്. പ്രതിയുടെ പക്കല്‍ നിന്നും കഞ്ചാവും എം.ഡി.എംഎയും പോലീസ് കണ്ടെടുത്തു. ചെറിയ സിബ് കവറിനുള്ളില്‍ സൂക്ഷിച്ച എം.ഡി.എം.എ ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് കണ്ടെടുത്തത്. കാലിയായ 5 സിബ് കവറുകളും മൊബൈല്‍ ഫോണും ലഹരി മരുന്ന് വില്‍പനയിലൂടെ നേടിയ രൂപയും പോലീസ് പിടിച്ചെടുത്തു.

ആറ്റിങ്ങല്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. തട്ടി വിളിച്ചപ്പോള്‍ വാതില്‍ തുറന്ന പ്രതി പോലീസിനെ കണ്ട് വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് വാതില്‍ തള്ളിത്തുറന്ന് മുറിക്കകത്ത് കയറിയാണ് പരിശോധന നടത്തിയത്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *