Breaking News

അതിവേഗ റെയില്‍ പാത: മുഖ്യമന്ത്രി-മെട്രോമാന്‍ ചര്‍ച്ച ഉടന്‍

തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍ പാതയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി സംസ്ഥാന സര്‍ക്കാര്‍. കെ-റെയിലിന് ബദലായുള്ള മെട്രോമാന്‍ ഇ.ശ്രീധരന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അതീവ താല്‍പര്യത്തോടെയാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ.ശ്രീധരനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും. കെ-റെയില്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഡി.പി.ആര്‍ മാറ്റുന്നകാര്യവും പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കെ-റെയില്‍ കോര്‍പറേഷന്റെ അഭിപ്രായവും തേടും.

മെട്രോമാന്റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുടെ പിന്തുണയും മെട്രോമാനില്‍ കേന്ദ്ര സര്‍ക്കാരിനുള്ള വിശ്വാസവും കൂടിയാവുമ്പോള്‍ പുതിയ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നും സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ ചുവപ്പ് സിഗ്നല്‍ കാണിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. ഇ.ശ്രീധരന്റെ ബദല്‍ നിര്‍ദേശം സംസ്ഥാനമൊട്ടാകെ സജീവ ചര്‍ച്ചയായതോടെയാണ് വീണ്ടും അതിവേഗ റെയില്‍ പാത കേരളം വീണ്ടും സ്വപ്‌നം കാണുന്നത്.

ഡല്‍ഹിയില്‍ കേരളത്തിന്റെ സ്‌പെഷല്‍ ഓഫീസര്‍ പദവി വഹിക്കുന്ന പ്രൊഫ.കെ.വി.തോമസ് ആവശ്യപ്പെട്ടത് അനുസരിച്ച് ഇ.ശ്രീധരന്‍ ബദല്‍ റിപ്പോര്‍ട്ടില്‍ കെ-റെയില്‍ അപ്രായോഗികമെന്നാണ് പറയുന്നത്. ഡിപിആര്‍ തന്നെ മാറ്റണമെന്നും ഇ.ശ്രീധരന്‍ പറയുന്നു. കെ-റെയിലിനെക്കാള്‍ കുറഞ്ഞ സാമ്പത്തിക ബാധ്യതയും ഭൂമി വന്‍തോതില്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കിയും എന്നാല്‍, വേഗത കൂട്ടാന്‍ സ്റ്റാന്‍ഡേഡ് ഗേജ് ആക്കി തന്നെ നിലനിര്‍ത്തിയുമുള്ള തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് ഇ.ശ്രീധരന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *