

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി സുപ്രീം കോടതിയില്‍. പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധി അഖിലേന്ത്യാ തലത്തില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് യു.ജി.സി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ പറയുന്നു. യു.ജി.സി. ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും യു.ജി.സി അപ്പീല്‍ ഹര്‍ജിയില്‍ വിശദമാക്കുന്നു.

യു.ജി.സിയുടെ 2018-ലെ റഗുലേഷന് പ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ടത്. എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നതിനുള്ള യോഗ്യത പ്രിയ വര്‍ഗ്ഗീസിന് ഇല്ലെന്നും യു.ജി.സി കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി യു.ജി.സിയുടെ ഈ വാദം തള്ളിക്കൊണ്ടാണ് പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ചത്.

കേരള ഹൈക്കോടതിയുടെ വിധി 2018-ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവും ആയി ബന്ധപ്പെട്ട യു.ജി.സി. ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നും ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യു.ജി.സി അപ്പീല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018 റെഗുലേഷനില്‍ നിഷ്കര്‍ഷിക്കുന്ന അധ്യാപന പരിചയം ഇല്ലാത്ത ചില ഉദ്യോഗാര്‍ത്ഥികള്‍, കേരള ഹൈക്കോടതി പ്രിയാ വര്‍ഗീസിന് അനുകൂലമായി വിധിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി അസോസിയേറ്റ് പ്രൊഫസറാകാന്‍ നിയമ പോരാട്ടം നടത്തുമെന്ന ആശങ്കയും യു.ജി.സിക്കുണ്ട്.

എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം പ്രിയാ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നു വര്‍ഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ട് വര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലവും സ്റ്റുഡന്റ്സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചു വര്‍ഷത്തോളമുള്ള കാലം അധ്യാപനകാലമായി പരിഗണിക്കുന്നത് ചട്ടത്തിന് വിരുദ്ധമാണെന്നാണ് യു.ജി.സിയുടെ നിലപാട്.