

കണ്ണൂര്‍: മണിപ്പൂര്‍ സംഘര്‍ഷം ആസൂത്രിതമാണെന്നും അവിടെ സംഭവിക്കുന്നത് വംശഹത്യയാണെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കലാപം ക്രൈസ്ത ദേവാലയം ലക്ഷ്യമിട്ടാണ് മണിപ്പൂരില്‍ കലാപം നടക്കുന്നതെന്ന് ആരോപിച്ച ജോസഫ് പാംപ്ലാനി രാജ്യം ഭരിക്കുന്നവര്‍ക്ക് മണിപ്പൂരില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും കുറ്റപ്പെടുത്തി. ഇന്ത്യയില്‍ വിവേചനം ഇല്ലെന്ന് അമേരിക്കയില്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കാര്യം മണിപ്പൂരില്‍ ദുരിതമനുഭവിക്കുന്നവരുടെ മുഖത്തുനോക്കി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ മൗനമല്ല ഇവിടെ വിഷയം. പ്രധാനമന്ത്രി ഏത് കാര്യത്തില്‍ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. മണിപ്പൂര്‍ കത്തി എരിയുമ്പോള്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് പ്രശ്‌നം- അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബി.ജെ.പിയെ വോട്ട് ചെയ്ത് സഹായിക്കുമെന്ന തന്റെ മുന്‍ പ്രസ്താവനയെയും അദ്ദേഹം പരാമര്‍ശിച്ചു. റബര്‍ വിലയും മണിപ്പൂര്‍ വിഷയത്തിലെ നിലപാടും തമ്മില്‍ ബന്ധമില്ലെന്നും ഞങ്ങള്‍ ആരുടെയും ഔദാര്യം ചോദിച്ചത് അല്ലെന്നുമാണ് അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണം.
