Breaking News

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: അബിന്‍ രാജ് കുറ്റം സമ്മതിച്ചു

നിഖില്‍, അബിന്‍ രാജ്

ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് അബിന്‍ രാജ് കുറ്റം സമ്മതിച്ചു. എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്നാണെന്ന് അബിന്‍ രാജ് പോലീസിനോട് പറഞ്ഞു. മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിന്‍ രാജ് ഇന്നലെ രാത്രി 11.30 ഓടെ നെടുമ്പാശേരിയിലെത്തിയിരുന്നു. ഇവിടെനിന്നാണ് പോലീസ് അബിന്‍ രാജിനെ കസ്റ്റഡിയില്‍ എടുത്തത്. അബിനെ കായംകുളം പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

രണ്ട് ലക്ഷം രൂപ നല്‍കി കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അബിന്‍ രാജാണെന്നും നിഖില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അബിനെ കേസില്‍ രണ്ടാം പ്രതിയാക്കിയാക്കുകയും മാലിദ്വീപില്‍നിന്ന് നാട്ടിലെത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതോടെ കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം നിഖിലിന്റെ നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റും ബി.കോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെടുത്തിരുന്നു. അബിന്‍ രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയത്. ഈ സ്ഥാപനം ഇപ്പോള്‍ പൂട്ടിയ നിലയിലാണ്. നിഖിലിന് പുറമേ മറ്റാര്‍ക്കെങ്കിലും ഈ സ്ഥാപനം വഴി വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടോ എന്ന സംശയത്തിനും അബിനെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരം ലഭിച്ചേക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *