Breaking News

സുധാകരന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ല; ഏകീകൃത സിവില്‍ കോഡിലൂടെ തുല്യത ഉണ്ടാവില്ല: യെച്ചൂരി

ദില്ലി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ലെന്നും ഏകീകൃത സിവില്‍ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെ.സുധാകരന്റെ അറസ്റ്റ് രാഷ്ടീയവുമായി ബന്ധമുള്ളതല്ലെന്നാണ് യെച്ചൂരി പറഞ്ഞത്. പൊലീസിന്റെ നടപടികളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവില്‍ കോഡിനെ തള്ളിയ യെച്ചൂരി ഏക സിവില്‍ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്നും ഏക സിവില്‍ കോഡിനെ അംഗികരിക്കില്ലെന്നും വ്യക്തമാക്കി.

പാറ്റ്‌നയില്‍ ചേര്‍ന്ന വിശാല പ്രതിപക്ഷ യോഗത്തെക്കുറിച്ചുള്ള പ്രതീക്ഷകളും യെച്ചൂരി പങ്കുവച്ചു. തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് പാറ്റ്‌നയില്‍ തീരുമാനിച്ചത്. അത് എങ്ങനെ വേണം എന്നത് വരും യോഗങ്ങളില്‍ തീരുമാനിക്കും. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യം ആണ് നിലവിലുള്ളത്. അത്തരം കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് സഹകരണം സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങളില്‍ എടുക്കണമന്നതാണ് സി.പി.എം ആവശ്യപ്പെട്ടതെന്നും യെച്ചൂരി വിവരിച്ചു.

മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നത് സി.പി.എം നയമല്ലെന്നാണ് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. കേന്ദ്രത്തിന്റെ രീതിയല്ല സി.പി.എമ്മിനുള്ളതെന്നും എത്ര പ്രകോപനമുണ്ടാക്കിയാലും മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്ന രീതി സി.പി.എമ്മില്‍ ഇല്ലെന്നും അദ്ദേഹം വിവരിച്ചു. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശന കാര്യത്തിലും സി.പി.എം ജനറല്‍ സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തി. ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്ക ഇന്ത്യയുമായി നയതന്ത്ര ബന്ധവും സൈനിക സഹകരണവും പുലര്‍ത്തുന്നതെന്നാണ് പി.ബിയുടെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ബൈഡന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *