

കൊച്ചി: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. മോന്സന് മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് കെ.സുധാകരനെ ചോദ്യം ചെയ്യുന്നത്. രാവിലെ കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരനായ തൃശ്ശൂര്‍ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും എന്നാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെയുള്ളതെല്ലാം രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നും താന്‍ ആരുടെയും കയ്യില്‍നിന്ന് പൈസ വാങ്ങിയിട്ടില്ലെന്നും കോടതി നിര്‍ദേശപ്രകാരം ചോദ്യം ചെയ്യലിന് ഹാജരായതാണെന്നും കെ.സുധാകരന് വ്യക്തമാക്കി. അറസ്റ്റ് വേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ 50000 രൂപയും രണ്ട് പേരുടെ ആള്‍ജാമ്യവും വ്യവസ്ഥയാക്കി ജാമ്യമനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.

