Breaking News

കാശ് വാങ്ങി വോട്ട് ചെയ്യരുത്; വിജയ് മക്കള്‍ ഇയക്കം വേദിയില്‍ വിജയ്

ചെന്നൈ: കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്. എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളത്തെ വോട്ടര്‍മാര്‍ നിങ്ങളെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. സ്വന്തം വിരല്‍ കൊണ്ട് സ്വയം കണ്ണില്‍ കുത്തുന്നതുപോലെയാണ് കാശ് വാങ്ങി വോട്ടുചെയ്യുന്നത് എന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.

രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്‍കുന്നതായിരുന്നു തന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച വേദിയില്‍ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും. ഒരു വോട്ടിന് 1000 രൂപ എന്ന് വിചാരിക്കുക. ഒന്നര ലക്ഷം പേര്‍ക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കില്‍ 15 കോടി വരും. ജയിക്കാന്‍ 15 കോടി ചെലവാക്കുന്നവര്‍ അതിലുമെത്ര അവര്‍ നേരത്തെ സമ്പാദിച്ച് കാണുമെന്ന് ചിന്തിച്ചാല്‍ മതി. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികള്‍ക്ക് ഇതെല്ലാം പഠിപ്പിച്ച് കൊടുക്കണമെന്ന് ഞാന്‍ ആ?ഗ്രഹിക്കുന്നു. ഓരോരുത്തരും കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണം’-വിജയ് വിശദീകരിച്ചു.

ഒരോ നിയമസഭാ മണ്ഡലത്തില്‍നിന്നും ആറ് വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുക്കുമെന്ന് വിജയ് മക്കള്‍ ഇയക്കം ചുമതലക്കാര്‍ അറിയിച്ചിരുന്നു. ഇവരെ ചെന്നൈയിലേക്ക് കൊണ്ടുവരാന്‍ വാഹനങ്ങളും വിജയ് മക്കള്‍ ഇയക്കം ഏര്‍പ്പാടാക്കി. ദൂരെയുള്ള സ്ഥലങ്ങളില്‍നിന്ന് വെള്ളിയാഴ്ച രാത്രിയില്‍ത്തന്നെ വാഹനങ്ങള്‍ തിരിച്ചു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കൂടാതെ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *