

തിരുവനന്തപുരം: പാരിപ്പള്ളി-വര്‍ക്കല ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയപാത അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും അഡ്വ. വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങരയിലെ റീജിയണല്‍ ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയില്‍ നിന്നുള്ള ഏക റോഡ് ഗതാഗതം അടയ്ക്കരുതെന്നും മുക്കട ജംഗ്ഷനില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് റോഡ് സംരക്ഷണ സമിതി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

പൊതുജനങ്ങളും സാമൂഹിക, സംസ്ക്കാരിക, സന്നദ്ധ രാഷ്ട്രീയ സംഘടനകളും ചേര്‍ന്ന് രൂപീകരിച്ച റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പാരിപ്പള്ളി ജംഗ്ഷനില്‍ ജൂണ്‍ 4 മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം നടന്നുവരുന്നു. വിവിധ സംഘടനകളാണ് ഓരോ ദിവസവും സത്യാഗ്രഹ സമരം ഏറ്റെടുത്ത് നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് നടന്ന സമര പരിപാടിയില്‍ റോഡ് സംരക്ഷണ സമിതി ചെയര്മാന് വി. മണിലാല്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. എസ്.ആര് അനില്‍കുമാര്‍, കോ- ഓര്‍ഡിനേറ്റര്‍ പാരിപ്പള്ളി വിനോദ്, വര്‍ക്കല മേഖലാ കമ്മിറ്റി ചെയര്മാന് ശരണ്യ സുരേഷ്, ജനറല്‍ കണ്‍വീനര്‍ കെ.എസ് രാജീവ്, കോ-ഓര്‍ഡിനേറ്റര്‍ ഷോണി ജി.ചിറവിള എന്നിവര്‍ പങ്കെടുത്തു.
