Breaking News

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; അടുത്ത 2-3 ആഴ്ചകള്‍ നിര്‍ണ്ണായകമെന്ന് കളക്ടര്‍

കൊച്ചി: മഴ വ്യാപകമായതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. പനി ബാധിച്ച് കഴിഞ്ഞ 3 ആഴ്ചയ്ക്കിടെ ജില്ലയില്‍ 6 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി പടരുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അടുത്ത 2-3 ആഴ്ചകള്‍ നിര്‍ണ്ണായകമാണെന്നും കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ ചില മേഖലകളില്‍ ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഡെങ്കിപ്പനി പടരുന്ന സാഹചര്യം മനസ്സിലാക്കി മേയ് 30 ന് തദ്ദേശ സ്ഥാപന അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും യോഗം വിളിച്ചിരുന്നു. ആശാ വര്‍ക്കര്‍മാരും സ്‌ക്വാഡും വീടുകളില്‍ കയറി ബോധവത്കരണം നടത്തുന്നുണ്ട്.

കൊതുകുനിവാരണത്തിനായി സ്പ്രേ, ഫോഗിങ് എന്നിവ കൂടുതല്‍ വ്യാപകമാക്കിയിട്ടുണ്ട്. ആവശ്യത്തിന് പ്രതിരോധമരുന്നുകളും സംഭരിച്ചു. അതോടൊപ്പം, ഡ്രൈ ഡേ ഉള്‍പ്പെടെ ആചരിച്ച് വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകള്‍ പെരുകുന്നതുമായ സാഹചര്യം ഒഴിവാക്കാന്‍ ജനങ്ങളും ശ്രദ്ധിക്കണം. പനിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ ഉടനെ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കളക്ടര്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *