
ദില്ലി: കൊ-വിന് പോര്‍ട്ടലിലെ വിവരങ്ങള്‍ ടെലഗ്രാമില്‍ ലഭ്യമെന്ന ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കൊ-വിന് പോര്‍ട്ടലിലെ വിവര ചോര്‍ച്ചയില്‍ അന്വേഷണം വേണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് സാകേത് ഗോഖലേ ട്വിറ്ററിലൂടെയാണ് വിവര ചോര്‍ച്ചയെന്ന ആരോപണം ഉന്നയിച്ചത്. വാക്സിനേഷന് സമയത്ത് കൊ-വിന് പോര്‍ട്ടലില്‍ നല്കിയ വിവരങ്ങള്‍ ടെലഗ്രാം ആപ്പില്‍ ഇപ്പോള്‍ ലഭ്യമാണെന്ന ആരോപണം ഏഴ് ഉദാഹരണങ്ങള്‍ സഹിതമാണ് സാകേത് ഗോഖലേ ട്വിറ്ററിലൂടെ ഉന്നയിച്ചത്. ആരോഗ്യ മന്ത്രാലയം ഇതേ കുറിച്ച് അറിഞ്ഞിട്ടില്ലേയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിക്കുന്നു. വാക്സിന് സ്വീകരണത്തിന് ഉപയോഗിച്ച ഐഡി കാര്‍ഡ് നമ്പര്‍, ലിംഗം, ജനന തിയതി, വാക്സിന് എടുത്ത സ്ഥലം അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ടെലഗ്രാമില്‍ ലഭ്യമായത്.
