
തിരുവനന്തപുരം: തനിക്കെതിരായ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ താന്‍ പേടിച്ചുപോയെന്ന് പറയണമെന്നും അത് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് സന്തോഷമാകുമെന്നുമായിരുന്നു വി.ഡി.സതീശന്റെ പരിഹാസം. മുഖ്യമന്ത്രി നിരവധി അഴിമതി ആരോപണങ്ങളുടെ പ്രതിക്കൂട്ടില്‍ നില്ക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ നിലനില്‍ക്കാത്ത കേസെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്ന് വര്‍ഷം മുമ്പ് നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ താന്‍ വെല്ലുവിളിച്ചതാണെന്ന് വി.ഡി.സതീശന് പറഞ്ഞു. ഇപ്പോള്‍ അന്വേഷണം തെറ്റാണെന്ന് പറയുന്നതില്‍ അനൗചിത്യം ഉണ്ട്. എന്നാല്‍ ഈ പരാതി ആഭ്യന്തര വകുപ്പിന് മുന്നില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ അറിവോടെ ഇത് തള്ളിക്കളഞ്ഞതാണ്. ഇതെല്ലാം മൂന്ന് കൊല്ലം മുന്നെയുള്ള കാര്യങ്ങളാണ്. ഈ വര്‍ഷങ്ങളില്‍ ഒന്നും കേസെടുക്കാതെ ഇപ്പോള്‍ ഈ കേസെടുക്കുന്നതെന്തിനാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2018 ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിയുടെ പേരില്‍ വി.ഡി.സതീശന് വിദേശയാത്ര നടത്തി ചട്ടംലംഘിച്ച് പണപ്പിരിവ് നടത്തിയെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി പ്രഥമിക വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
