Breaking News

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി; ആദ്യ ദിനം അര ലക്ഷത്തിലധികം അപേക്ഷ

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം തുടങ്ങി. ആദ്യ ദിനം അപേക്ഷകളുടെ എണ്ണം അരലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്. ആദ്യ ദിവസം ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ പാലക്കാട് ജില്ലയില്‍ നിന്നാണ്. 7688 പേരാണ് പാലക്കാട് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

അപേക്ഷ സമര്‍പ്പണത്തിന്റെ മുന്നോടിയായി 91620 പേര്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിച്ചിട്ടുണ്ട്. ജൂണ്‍ ഒമ്പത് വരെയാണ് അപേക്ഷ സമര്‍പ്പണം. 13ന് ട്രയല്‍ അലോട്ട്‌മെന്റും 19ന് ഒന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം -6420, കൊല്ലം- 6855, പത്തനംതിട്ട- 3079, ആലപ്പുഴ- 6782, കോട്ടയം- 3938, ഇടുക്കി- 2256, എറണാകുളം- 6111, തൃശൂര്‍- 4940, പാലക്കാട് -7688, മലപ്പുറം- 7005, കോഴിക്കോട്- 4656, വയനാട്- 1745, കണ്ണൂര്‍- 4530, കാസര്‍കോട്- 3025.

അപേക്ഷ 9 വരെ സ്വീകരിക്കുമെന്നതിനാല്‍ തിരക്ക് കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. രക്ഷിതാവിനോട് ആലോചിച്ച് കുട്ടിയുടെ ഇഷ്ടത്തിനനുസരിച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. അടുത്തുള്ള സ്‌കൂളുകളും അവിടെയുള്ള കോഴ്‌സുകളും മനസിലാക്കുക. തനിക്ക് താല്‍പര്യമുള്ള കോഴ്‌സ് ഏതു സ്‌കൂളിലാണ് ഉള്ളതെന്ന് മനസിലാക്കുക. ശ്രദ്ധിക്കാതെ അപേക്ഷ സമര്‍പ്പിച്ചാല്‍ ചിലപ്പോള്‍ ദൂരെ സ്‌കൂളുകളില്‍ പോയി പഠിക്കേണ്ടി വരും. പ്ലസ് വണ്‍ അപേക്ഷ നല്‍കുവാനോ അഡ്മിഷന്‍ സമയത്തോ വരുമാനം, ജാതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പട്ടിക ജാതി/പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രം അഡ്മിഷന്‍ സമയത്തു ആവശ്യം ഉണ്ടാവുകയുള്ളൂ. അതും അഡ്മിഷന്‍ എടുത്തു പിന്നെ ഹാജറക്കിയാല്‍ മതിയാവുന്നതാണ്. അപേക്ഷ സമര്‍പ്പണത്തിന് ശേഷം ജൂണ്‍ 13ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ഇതിനു ശേഷം ആദ്യ അലോട്‌മെന്റ് ജൂണ്‍ 19ന് പ്രസിദ്ധീകരിക്കും. ജൂലൈ 5 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *