Breaking News

കാസര്‍കോഡ് വന്‍ സ്‌ഫോടക വസ്തു വേട്ട; പിടികൂടിയത് 2800 ജലാറ്റിന്‍ സ്റ്റിക്കുകള്‍

കാസര്‍കോഡ്: കാസര്‍കോഡ് വന്‍ സ്‌ഫോടക വസ്തു വേട്ട. 2800 ജലാറ്റിന്‍ സ്റ്റിക്കുകളും അനുബന്ധ സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കാസര്‍കോഡ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കാറില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുശേഖരം പിടികൂടിയത്. സംഭവത്തില്‍ മുളിയാര്‍ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തു.

ചെര്‍ക്കള കോലാച്ചിയടുക്കയില്‍ വാഹന പരിശോധനയ്ക്കിടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ.ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മുസ്തഫയുടെ കാറില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. ഉടന്‍ തന്നെ എക്‌സൈസ് സംഘം പോലീസിന് ആദൂര്‍ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസും പോലീസും സംയുക്തമായി മുസ്തഫയുടെ കാറിലും വീട്ടിലും പരിശോധന നടത്തുകയും സ്‌ഫോടക വസ്തുക്കളുടെ കൂടുതല്‍ ശേഖരം കണ്ടെത്തുകയും ചെയ്തു.

2800 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റനേറ്ററുകള്‍, 500 സ്‌പെഷ്യല്‍ ഓര്‍ഡിനറി ഡിറ്റണേറ്ററുകള്‍, 300 എയര്‍ ക്യാപ്, 4 സീറോ ക്യാപ്, 7 ക്യാപ്, 600 ഡീ കോഡ് വയര്‍, 1 ഡൈനാമോ എന്നിവയാണ് മുസ്തഫയുടെ കാറില്‍നിന്നും വീട്ടില്‍നിന്നും കണ്ടെടുത്തത്. പരിശോധനയ്ക്ക് ശേഷം കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് പ്രതി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയെ ഡിസ്ചാര്‍ജ് ചെയ്യുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിന് ശേഷം മാത്രമേ സ്‌ഫോടകവസ്തു കടത്തിയത് എവിടേക്കാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമാകുവെന്നും ആദൂര്‍ പോലീസ് അറിയിച്ചു. ഇത്രയധികം സ്ഫോടക വസ്തു കടത്തിയതിന് പിന്നില്‍ അതീവ ഗുരുതരമായ ഗൂഢ ലക്ഷ്യങ്ങളുടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ പിടികൂടിയ സ്ഫോടക വസ്തുക്കള്‍ കടത്തിയത് എവിടേക്കാണ്, എന്തിന് വേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് എന്ന ചോദ്യങ്ങള്‍ ഈ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്.

പരിശോധനയില്‍ ആദൂര്‍ പോലീസ് സംഘത്തെ കൂടാതെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി.രാധാകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.സുരേഷ് ബാബു, കെ.ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.അജീഷ്, വി.മഞ്ചുനാഥന്‍, കെ.സതീശന്‍, എം.ഹമീദ്, എക്‌സൈസ് ഡ്രൈവര്‍മാരായ പി.വി.ദിജിത്ത്, പി.ക്രിസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *