
കോട്ടയം: കോട്ടയം എരുമേലിയില്‍ ഭൂമിക്കടിയില്‍നിന്ന് അസാധാരണ ശബ്ദം കേള്‍ക്കുന്നുവെന്ന് നാട്ടുകാര്‍. സംഭവത്തെ തുടര്‍ന്ന് ജിയോളജി വകുപ്പ് ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇന്ന് രാവിലെയാണ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയത്. സംഭവത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും ഇപ്പോള്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്നും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ചേനപ്പാടി വാര്‍ഡ് മെമ്പര്‍ ഹര്‍ഷകുമാര്‍ പറഞ്ഞു.
ഇന്നലെ വെളുപ്പിനാണ് ഭൂമിക്കടിയില്‍ നിന്ന് ശബ്ദം കേട്ടുതുടങ്ങിയതെന്ന് ചേനപ്പാടി പ്രദേശവാസികള്‍ പറയുന്നു. പകല്‍ സമയം തുടര്‍ന്നും പലസമയങ്ങളില്‍ ചെറിയ തോതിലുള്ള ശബ്ദം കേട്ടിരുന്നു. എന്നാല്‍ ഇന്നലെ രാത്രി 9 മണിയോടെ വലിയ മുഴക്കമാണ് കേട്ടത്. ഇതേ തുടര്‍ന്ന് ചെറിയ മുഴക്കങ്ങളും ഉണ്ടായിരുന്നു-നാട്ടുകാര്‍ വിശദമാക്കി. ചേനപ്പാടി, കരിമ്പന്‍മാവ്, ഇടയാറ്റുകാവ്, വട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളിലും ഈ അസാധാരണ പ്രതിഭാസം അനുഭവപ്പെട്ടു. ആലുംചുവട് ഭാഗത്താണ് കൂടുതല്‍ മുഴക്കം അനുഭവപ്പെട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ഇവിടെ നടത്തിയ പരിശോധനയുടെ വിശദവിവരങ്ങള്‍ ജിയോളജി വകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
