
വർക്കല : ഇന്നത്തെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ദാർശനിക ഗുരുവാണ് മുനി നാരായണപ്രസാദെന്ന് ഡോ. എം.പി.അബ്ദുസമദ് സമദാനി എം.പി. പറഞ്ഞു. പൂർണ എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെ ആറാമത് പുരസ്‌കാരം വർക്കല നാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണപ്രസാദിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവിനെ ആദരിക്കുന്നതിലൂടെ അറിവിനെയാണ് ആദരിക്കുന്നത്. അറിവിന്റെ തുരുത്ത് മാത്രമല്ല, സ്‌നേഹത്തുരുത്ത് കൂടിയാണ് അദ്ദേഹം. ആ സ്‌നേഹം അറിവിൽ നിന്നുണ്ടാകുന്നതാണ്. സ്‌നേഹമില്ലാത്ത അറിവും അറിവില്ലാത്ത സ്‌നേഹവും വിഫലമാണെന്നും സമദാനി പറഞ്ഞു. 50001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
അയിരൂർ എം.ജി.എം. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌കാര സമർപ്പണ സമ്മേളനം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.