Breaking News

പോലീസിന്റെ ഡിജിറ്റൽ ഡിഅഡിക്‌ഷൻ സഹായം,‘ഡി ഡാഡ്’.

തിരുവനന്തപുരം: ഓൺലൈൻ ഗെയിമുകളുടെയും ഇന്റർനെറ്റ് അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളുടെ രക്ഷയ്ക്കായി കേരള പൊലീസ് ഡിജിറ്റൽ ഡി അഡിക്‌ഷൻ (ഡി ഡാഡ് ) കേന്ദ്രങ്ങൾ തുറക്കുന്നു. ഇതിന്റെ പൈലറ്റ് പദ്ധതിക്കു സർക്കാർ അംഗീകാരം നൽകി.

തിരുവനന്തപുരം, കൊച്ചി, തൃശൂർ , കോഴിക്കോട് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇതു നടപ്പാക്കുക. ഓൺലൈനായും കൂടുതൽ കൗൺസലിങ് വേണ്ട കുട്ടികൾക്കു ജില്ലാ കേന്ദ്രങ്ങളിൽ ഓഫ്‌ലൈനായും സേവനം നൽകും. ഓൺലൈൻ തട്ടിപ്പിനും വാട്സാപ് പ്രണയ ചതിക്കുഴിയിൽ വീഴുന്ന വീട്ടമ്മമാർക്കും ഡി ഡാഡ് സേവനം നൽകാൻ ഉദ്ദേശ്യമുണ്ട്. 4 കേന്ദ്രങ്ങളിൽ ഇതാരംഭിക്കാൻ 1.30 കോടി രൂപ സർക്കാർ അനുവദിച്ചു. 126 ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളിലും പദ്ധതി വ്യാപിപ്പിക്കും.

രാജ്യത്ത് ഇതാദ്യമായാണ് ഒരു പൊലീസ് സേന കുട്ടികൾക്കായി ഡിജിറ്റൽ ഡി അഡിക്‌ഷൻ കേന്ദ്രങ്ങൾ തുറക്കുന്നത്. ഏറ്റവുമധികം ഇന്റർനെറ്റ് ഉപയോക്താക്കളും മൊബൈൽ ഫോൺ വരിക്കാരുമുള്ള സംസ്ഥാനമാണു കേരളം.

കോവിഡ് ലോക്ഡൗൺ വന്നതോടെ നഴ്സറി കുട്ടികൾ മുതലുള്ളവർക്കു പഠനവും പരീക്ഷയുമെല്ലാം ഓൺലൈനിലായിരുന്നു. ഇതോടെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് ഏവരും പഠിച്ചു. ചിലർ ദുരുപയോഗവും പഠിച്ചു. ക്ലാസ് തീർന്നാലും കുട്ടികൾ ഫോണും ടാബും ലാപ്ടോപ്പും ഓഫാക്കാതെ ഓൺലൈൻ കളികളിലേക്കു കടന്നു. മുതിർന്ന കുട്ടികളിൽ പലരും അശ്ലീല സൈറ്റുകൾക്കും അടിമകളായി. ഈ സാഹചര്യത്തിലാണ് ഇന്റർനെറ്റ് വഴി ഡിജിറ്റൽ കൗൺസലിങ് എന്ന ആശയം പൊലീസ് സർക്കാരിനു സമർപ്പിച്ചത്.

വിദ്യാഭ്യാസം, ആരോഗ്യം, വനിതാ–ശിശുവികസന വകുപ്പുകളുമായി യോജിച്ചാണു പദ്ധതി നടപ്പാക്കുക. ഇന്റർനെറ്റ് ഉപയോഗം വ്യക്തമായി അറിയാവുന്ന, പരിശീലനം ലഭിച്ച സൈക്യാട്രിസ്റ്റിന്റെ സേവനം ഓരോ കേന്ദ്രത്തിലും ലഭ്യമാക്കും. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ, പൊതുജനം എന്നിവരെ ബോധവൽക്കരിക്കാൻ ജനമൈത്രി പൊലീസിന്റെ സേവനം ഉപയോഗിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *