Breaking News

കണ്ണമ്മൂല തോട്ടിൽ മറുനാടൻ തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം : കണ്ണമ്മൂല ആമയിഴഞ്ചാൻ തോട്ടിലിറങ്ങിയ മറുനാടൻ തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.

ജാർഖണ്ഡ് സായ്ഗംഗാ സ്വദേശിയായ നിർമാണത്തൊഴിലാളി നഹർദീപ് മണ്ഡലി(30)നെയാണ് കാണാതായത്. കണ്ണമ്മൂല കെ.പി.നഗർ സുമാംഗി മന്ദിരത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് കുത്തിയൊഴുകുന്ന തോട്ടിൽ ഇയാൾ ഇറങ്ങിയത്. വെള്ളത്തിൽ ഇയാൾ മുങ്ങിപ്പൊങ്ങുന്നത് കരയിൽനിന്ന രണ്ട് മറുനാടൻ തൊഴിലാളികൾ കണ്ടു. അവർ സുഹൃത്തുക്കളെ കൂട്ടി ആദ്യം തിരച്ചിൽ നടത്തി. പിന്നീടാണ് പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചത്. ആക്കുളം കായലിലാണ് തോട് എത്തുന്നത്. പൊഴി മുറിഞ്ഞതിനാൽ തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ആദ്യഘട്ടം നടത്തിയ തിരച്ചിലിൽ നഹർദീപിനെ കണ്ടെത്താനായില്ല.

നഹർദീപ് രണ്ടരവർഷമായി തിരുവനന്തപുരത്ത് താമസിക്കുകയാണ്. മൂന്നാഴ്ചയായി കരാറുകാരനൊപ്പം കിളിമാനൂരിൽ ജോലിക്കു പോയിരുന്നു. മഴയെത്തുടർന്ന് ജോലി മുടങ്ങിയപ്പോഴാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്തുവന്നത്. ലോക്ഡൗണിനുശേഷം ഇയാൾ നാട്ടിൽ പോയിരുന്നില്ല. ഇതിന്റെ പേരിൽ മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായും അടുപ്പമുള്ളവർ പറയുന്നുണ്ട്. ശനിയാഴ്ച പകൽ മൊബൈൽ ഫോൺ ഓഫാക്കിയനിലയിലായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *