

വർക്കല : പൂട്ടിക്കിടന്ന വീടിനുള്ളിൽ പാചകവാതക സിലിൻഡർ തുറന്ന് തീകൊളുത്തിയശേഷം 57-കാരനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചിറയിൻകീഴ് പെരുങ്ങുഴി കയർ സൊസൈറ്റിക്കു സമീപം കിഴക്കതിൽവീട്ടിൽ രാജേന്ദ്രൻ ആണ് മരിച്ചത്. വർക്കല കണ്ണംബ ചാലുവിളയിൽ ബിന്ദു വിശ്വനാഥന്റെ ‘ചന്ദ്രലേഖ’ എന്ന വീട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
വീട്ടിൽനിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് വിവരം പോലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്. അവർ സ്ഥലത്തെത്തി തീ കെടുത്തുകയും സിലിൻഡർ പുറത്തെടുത്ത് ചോർച്ച ഒഴിവാക്കുകയും ചെയ്തു. രാജേന്ദ്രനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു.
വീടിനുള്ളിലുണ്ടായിരുന്ന രണ്ട് സിലിൻഡറുകളിൽ ഒരെണ്ണം തുറന്ന് തീകൊളുത്തിയശേഷം ഇയാൾ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയതാണെന്ന് പോലീസ് സംശയിക്കുന്നു. നിലത്തു കിടക്കുന്നനിലയിലായിരുന്നു രാജേന്ദ്രൻ.
പൊള്ളലുമേറ്റിട്ടുണ്ട്. രാജേന്ദ്രൻ ഈ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് രാജേന്ദ്രൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ രണ്ട് കിടപ്പുമുറികളിലെയും ഹാളിലെയും സാധനങ്ങളെല്ലാം കത്തിനശിച്ചു.
വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തങ്കമണിയാണ് മരിച്ച രാജേന്ദ്രന്റെ ഭാര്യ. മക്കൾ: രജിൻ, സജിൻ, നിജിൻ.