
വർക്കല: വിദേശ ടൂറിസ്റ്റുകൾ വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ നേരത്തു സാമൂഹ്യ വിരുദ്ധർ അസഭ്യം പറയുകയും ലൈംഗികാതിക്രമം കാട്ടിയെന്നും പരാതി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8 മണിയോടെ പാപനാശം തിരുവമ്പാടി ബീച്ചിൽ ആണ് സംഭവം. UK സ്വദേശിനി ആയ ഇമ (29) ഫ്രാൻസ് സ്വദേശിനിയായ അമയ് (23) എന്നിവർക്ക് ആണ് ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടിവന്നത്. മദ്യലഹരിയിൽ എത്തിയ ഒരു സംഘം ആണ് ഇവർക്ക് നേരെ അതിക്രമം കാട്ടിയത് എന്നാണ് ഇവർ വർക്കല പോലീസിൽ നിൽകിയ പരാതിയിൽ പറയുന്നത്. സംഘത്തിലെ ചിലർ നഗ്നത പ്രദർശനം കാട്ടുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. ഈ വിദേശവനിതകൾ കഴിഞ്ഞ 4 മാസമായി വർക്കലയിൽ ഒരു ഹോം സ്റ്റേ യിൽ താമസിച്ചു വരികയാണ്. ഇവരോടൊപ്പം താമസിച്ചു വരുന്ന സുഹൃത്ത് മുംബൈ സ്വദേശിനി യായ കൗസ് (30) ന് കഴിഞ്ഞ മാസം സമാനരീതിയിൽ ഇത്തരം സംഘത്തിന്റെ അതിക്രമം ഉണ്ടായതായി പറയുന്നു. വ്യാഴാഴ്ച മൂവരും വർക്കല സി ഐ ക്ക് മുൻപാകെ എത്തി നേരിട്ട് പരാതി അറിയിച്ചിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കിയതായി വർക്കല പോലീസ് അറിയിച്ചു.