Breaking News

ചെറുന്നിയൂരിൽ ഇഷ്ടക്കാർക്ക് മാത്രം വാക്സിൻ: ഡിവൈഎഫ്ഐ പ്രതിഷേധത്തിൽ സംഘർഷം

കൈയാങ്കളിക്ക് തുടക്കം : പ്രതിക്ഷേധക്കാരെ തള്ളിമാറ്റാൻ ശ്രമിക്കുന്ന ഭരണപക്ഷാംഗങ്ങൾ

വർക്കല: ചെറുന്നിയൂർ പഞ്ചായത്തിൽ പക്ഷപാതപരമായി കോവിഡ് വാക്സിൻ വിതരണം നടത്തിയെന്നാരോപിച്ച് എൽഡിഎഫ് പ്രതിഷേധം. യുഡിഎഫിന്റ്റെ നേതൃത്വത്തിലുള്ള ഭരണസമിതി ക്കെതിരായ പ്രതിഷേധം ഒടുവിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള സംഘർഷത്തിലാണ് അവസാനിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ഇന്നലെ തെറ്റികുളം വാർഡിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഫീൽഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടാണ് ഇന്ന് പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധവും സംഘർഷവും ഉണ്ടായത് .

പ്രതിക്ഷേധക്കാരെ തള്ളിമാറ്റാൻ ശ്രമിക്കുന്ന ഭരണപക്ഷാംഗങ്ങൾ

പാലിയേറ്റീവ് രോഗികൾക്കുള്ള വാക്സിനേഷനാണ് ഇന്നലെ രണ്ട് ,നാല്,ആറ് വാർഡുകളിലായി നടന്നത്. എന്നാൽ പാലിയേറ്റീവ് രോഗികൾക്കുള്ള ആദ്യ ഡോസ് വാക്സിൻ രോഗികളുടെ വീട്ടിൽ കൊണ്ടുപോയി എടുക്കുന്നതിനു പകരം, നാലാം വാർഡിലെ ഒരു വീട്ടിൽവച്ച് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ഇഷ്ടക്കാർക്കും, കോൺഗ്രസ് അനുഭാവികൾക്കുമായി നൽകിയെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. ഇതിനെതിരെ പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞശേഷം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കയ്യാങ്കളിയിൽ നിന്ന്

യുഡിഎഫ് അംഗങ്ങൾക്കെതിരെ മുദ്രാവാക്യം വിളിയുമായി വഴി തടഞ്ഞതോടെ യുഡിഎഫ് മെമ്പർമാർ തങ്ങളെ പിടിച്ചുതള്ളി എന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഇതാണ് സംഭവം സംഘർഷാവസ്ഥയിൽ എത്തിച്ചത്. അതിനുശേഷം ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണയും നടത്തി . സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷിനു തങ്കൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാർഡ് മെമ്പർ ചന്തുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിവൈഎഫ്ഐ ചെറുന്നിയൂർ മേഖലാ സെക്രട്ടറി അമൽരാജ് കൃതജ്ഞത രേഖപ്പെടുത്തി.

പോലീസിനോട് പരാതി പറയുന്ന പഞ്ചായത്ത് ഭരണപക്ഷ അംഗങ്ങൾ

തെറ്റിക്കുളം വാർഡിൽ കോൺഗ്രസ് അനുഭാവികൾക്കും സമ്പന്നർക്കും മണ്ഡലം പ്രസിഡൻറ് ഒത്താശയോടെ കൊവിഡ് വാക്സിൻ വിതരണം ചെയ്തുവെന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷിനു തങ്കൻ ആരോപിച്ചു യുഡിഎഫ് ഭരണസമിതി കോവിഡ് വാക്സിനേഷൻ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന് പതിമൂന്നാം വാർഡ് മെമ്പറും സിപിഎം നേതാവുമായ ചന്തുരാജ് കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രാദേശിക നേതാക്കളും യൂത്ത് കോൺഗ്രസ് നേതാക്കന്മാരുമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. വാക്സിൻ വിതരണത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിവൈഎഫ്ഐ ചെറുന്നിയൂർ മേഖലാ ആക്ടിങ് സെക്രട്ടറി അഖിൽ, മേഖലാ പ്രസിഡണ്ട് അഭിജിത്ത്, എന്നിവരും പ്രതിഷേധ ധർണ്ണക്ക് നേതൃത്വം നൽകി .

പ്രതിക്ഷേധ സമരത്തിൽ നിന്ന്

അതേസമയം ഡിവൈഎഫ്ഐയുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ചെറുന്നിയൂർ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ അഖിൽ പറഞ്ഞു. വാക്സിൻ കൊടുക്കേണ്ട അവരുടെ ലിസ്റ്റ് തയ്യാറാക്കിയത് ആശാവർക്കർമാർ ആണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വീട്ടിൽവച്ച് കോൺഗ്രസ് അനുഭാവികൾക്ക് മാത്രം പക്ഷപാതപരമായി വാക്സിൻ നൽകി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു . പഞ്ചായത്ത് ഓഫീസിൽ നടന്ന സംഘർഷാവസ്ഥ യുമായി ബന്ധപ്പെട്ട ഭരണപക്ഷവും പ്രതിപക്ഷവും വർക്കല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവിഭാഗത്തെയും പരാതിയിന്മേൽ അന്വേഷണം നടക്കുകയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം അവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *