

വര്‍ക്കല: പിണറായി സര്‍ക്കാര്‍ വനംകൊള്ളയ്ക്ക് കൂട്ടുനിന്നുവെന്ന് ആരോപിച്ച് ബി.ജെ.പി വര്‍ക്കലയില്‍ വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇക്കാര്യമാരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായിട്ടാണ് വര്‍ക്കലയിലും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചത്. വര്‍ക്കല നഗരസഭ, മൈതാനം, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് വര്‍ക്കലയില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ ധര്‍ണകള്‍ നടന്നത്.
നഗരസഭ ഓഫീസിന് മുന്നിലെ പ്രതിഷേധ ധര്‍ണ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.അനില്‍കുമാറും, മൈതാനത്തെ പ്രതിഷേധ ധര്‍ണ ബി.ജെ.പി വര്‍ക്കല മണ്ഡലം ജനറല്‍ സെക്രട്ടറി തച്ചോട് സുധീറും, താലൂക്ക് ഓഫീസിന് മുന്നിലെ ധര്‍ണ ബി.ജെ.പി നേതാവും തപസ്യ ജില്ലാ കമ്മിറ്റിയംഗവുമായ കെ.ജി.സുരേഷും ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച രാവിലെ 11 മണിക്കാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.
കേരളത്തില്‍ നടന്നത് വ്യാപക വനംകൊള്ളയാണെന്ന് വര്‍ക്കല നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.അനില്‍കുമാര്‍ പറഞ്ഞു. ചട്ടങ്ങളില്‍ അന്യായമായ ഇളവുകള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍ വനംകൊള്ളയ്ക്ക് കൂട്ടുനിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ കൊണ്ടുവന്ന ഉത്തരവുകളുടെ പിന്‍ബലത്തില്‍ നടന്ന വനംകൊള്ളയിലൂടെ കേരളത്തിന് ഉണ്ടായിട്ടുള്ള പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. സര്‍ക്കാരിന്റെ പിന്തുണയോടെ നടന്ന വനംകൊള്ളയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കൊടകര കേസില്‍ ബി.ജെ.പിയുടെ പേര് വലിച്ചിഴയ്ക്കുന്നതെന്നും അഡ്വ.അനില്‍കുമാര്‍ ആരോപിച്ചു. സേവ് ലക്ഷദ്വീപ് പ്രമേയവും ഇതേ ലക്ഷ്യത്തോടെയുള്ള കുതന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ സര്‍ക്കാര്‍ വരുംദിനങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബി.ജെ.പി വര്‍ക്കല മണ്ഡലം ജനറല്‍ സെക്രട്ടറി തച്ചോട് സുധീര്‍ പറഞ്ഞു. സി.പി.എമ്മിനെതിരെ മാത്രമല്ല സി.പി.ഐക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. തിരുത്തല്വാദിയെന്ന ഇമേജുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വനംകൊള്ളയ്ക്കെതിരെ ഒരു വാക്കുപോലും മിണ്ടാന്‍ തയാറായിട്ടില്ല. അതിനര്‍ത്ഥം കാനത്തിനും സി.പി.ഐക്കും ഈ വനംകൊള്ളയില്‍ പങ്കുണ്ടെന്നാണ്-അദ്ദേഹം ആരോപിച്ചു. വനംകൊള്ളയുടെ പാപക്കറ പുരണ്ടതുകൊണ്ടാണ് കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ പലവിധ അഴിമതികള്ക്കുംനേരെ കാനത്തിനും സി.പി.ഐക്കും മൗനം പാലിക്കേണ്ടി വന്നതെന്നും തച്ചോട് സുധീര്‍ വ്യക്തമാക്കി.
കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് സ്വകാര്യ വ്യക്തികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ കടത്തിക്കൊണ്ട് പോയതെന്ന് ബി.ജെ.പി നേതാവ് കെ.ജി.സുരേഷ് പറഞ്ഞു. വന്‍തോതില്‍ മരങ്ങള്‍ വെട്ടിയതിലൂടെയുണ്ടായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കേരള ജനത അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി കൗണ്‍സിലര്‍മാരായ ഷീന ഗോവിന്ദ്, വിജി.വി.ആര്, അനു.കെ.എല്‍, അനീഷ്, ഉണ്ണികൃഷ്ണന്, സിന്ധു.വി, പ്രിയ ഗോപന്, ബി.ജെ.പി വര്‍ക്കല സൗത്ത് ജനറല്‍ സെക്രട്ടറി സുമേഷ്, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ എന്നിവര്‍ വര്‍ക്കലയിലെ വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധ ധര്‍ണകളില്‍ പങ്കെടുത്തു.