
പാലക്കാട് : പ്രണയത്തിന്റെ സഹന പാഠമായി മാറുകയാണ് പാലക്കാട് നെന്മാറ അയിലൂർ സ്വദേശികളായ റഹ്മാനും കാമുകി സജിതയും. റഹ്മാന്റെ അയൽവാസി കൂടിയായ കാമുകി സജിത 10 വർഷം മുമ്പാണ് റഹ്മാനൊപ്പം ഒപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയത്. ആ സാഹചര്യത്തിൽ വേറെ മാർഗ്ഗമില്ലാതെ കാമുകിയെ സ്വന്തം വീട്ടിൽ വീട്ടിലുള്ള അമ്മയും അച്ഛനും സഹോദരിയും പോലും അറിയാതെ ഒളിപ്പിച്ചു പാർപ്പി ക്കുകയായിരുന്നു റഹ്മാൻ.
ഒരീച്ച പോലും അറിയാതെ റഹ്മാൻ സജിതയെ സംരക്ഷിച്ചത് ആഴ്ചകളോ മാസങ്ങളോ അല്ല പത്തുവർഷക്കാലമാണ്. വളരെ യാദൃശ്ചികമായാണ് റഹ്മാൻ സജിത പ്രണയ ജോഡികളുടെ കഥ പുറംലോകമറിഞ്ഞത്. മൂന്ന് മാസം മുൻപ് റഹ്മാൻ സ്വന്തം വീട് വിട്ടിരുന്നു. റഹ്മാനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച റഹ്മാന്റെ സഹോദരൻ ബഷീർ റഹ്മാനെ കണ്ടെത്തിയതോടെയാണ് സിനിമാക്കഥകളെ പോലും വെല്ലുന്ന റഹ്മാന്റെയും സജിതയുടെയും പ്രണയകഥ വെളിച്ചത്തുവന്നത്. ഇലക്ട്രോണിക്സ് രംഗത്ത് വളരെ താല്പര്യമുള്ള റഹ്മാൻ ആ മേഖലയിലെ തന്റെ കഴിവുകൾ കൂടി പ്രയോജനപ്പെടുത്തിയാണ് കാമുകിയെ ആരുമറിയാതെ സംരക്ഷിച്ചത്. സോഷ്യൽ മീഡിയകളിൽ വന്ന റഹ്മാന്റെയും സജിതയുടെയും പ്രണയകഥയ്ക്ക് ലഭിച്ച കമന്റുകൾ രസകരവും അതേസമയം ഇവരുടെ ത്യാഗവും സഹനവും വെളിപ്പെടുത്തുന്നതാണ്. വീട്ടുകാരറിയാതെ ഒരു പൈന്റ് കുപ്പി പോലും സ്വന്തം മുറിയിൽ സൂക്ഷിക്കാൻ പറ്റില്ലെന്ന് കമന്റ് ബോക്സിൽ കുറിച്ചത് നിരവധിപേരാണ്. ആകെ രണ്ടു മുറിയും അടുക്കളയും മാത്രമുള്ള വീട്ടിൽ റഹ്മാൻ തന്റെ കാമുകിയെ പത്തുവർഷം ഒളിച്ച് താമസിപ്പിച്ചതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുന്നത്. അവിടെയാണ് പത്തുവർഷക്കാലം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു മുറിയ്ക്കുള്ളിൽ സ്വന്തം ശബ്ദം പോലും പുറത്തറിയിക്കാതെ ഒതുങ്ങിക്കൂടി ജീവിക്കാൻ തയ്യാറായ സജിതയുടെ സഹനവും ത്യാഗവും നിർവചനങ്ങൾക്ക് അതീതമാകുന്നത്. വിവാഹ ജീവിതത്തെ കുറിച്ചുള്ള സ്ത്രീസഹജമായ സകല ആഗ്രഹങ്ങളും മാറ്റിവെച്ചാണ് അവൾ തന്റെ പ്രിയപ്പെട്ടവനൊപ്പം ജീവിച്ചത്. കണ്ണിലെ കൃഷ്ണമണി പോലെ അവളെ സംരക്ഷിച്ചുകൊണ്ട് റഹ്മനും നിലകൊണ്ടപ്പോൾ അവൻ പോലുമറിയാതെ അവന്റെ മനസ്സിൽ പ്രണയത്തിന്റെ താജ്മഹൽ പടുത്തുയർത്തപ്പെടുകയായിരുന്നു.
ഭാര്യയെയും കാമുകിയെയും മൊക്കെ കഴുത്തറുത്തും കത്തിച്ചും കൊലപ്പെടുത്തുന്ന ഭർത്താക്കൻ മാരുടെയും കാമുകന്മാരുടെ യുമൊക്കെ വാർത്തകൾ ദിനംപ്രതി പുറത്തു വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുന്ന സൂരജിനേയും കാമുകിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച മാർട്ടിൻ ജോസഫിനെയുമൊക്കെ നാം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതാണ്. തേച്ചിട്ട് പോകുന്ന കാമുകിമാരെ ഓർത്ത് ജീവൻ വെടിയുന്ന കാമുകന്മാരും നമ്മുടെ നാട്ടിൽ കുറവല്ല. അവർക്കിടയിലാണ് പ്രണയമെന്ന നിർമല വികാരത്തിന്റെ പ്രതിരൂപമായി റഹ്മാനും സജിതയും നിലകൊള്ളുന്നത്.
കാമുകിയെ സംരക്ഷിക്കാനായി മാനസികവിഭ്രാന്തി അഭിനയിക്കാൻ വരെ റഹ്മാൻ തയ്യാറായി. തന്നോടൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചവളെ ഉപേക്ഷിക്കാൻ മനസ്സ് വന്നില്ലെന്ന് റഹ്മാൻ പറയുന്നു. തന്റെ വീട്ടുകാരെ ഭയന്നാണ് സജിതയെ ഒളിച്ചു താമസിപ്പിച്ചതെന്നും വീട്ടുകാരെ ഇപ്പോഴും ഭയമുണ്ടെന്നും റഹ്മാൻ വ്യക്തമാക്കുന്നു. എല്ലാവരെയും പോലെ പൊതുസമൂഹത്തോട് ഒപ്പം ചേർന്ന് ജീവിക്കണം. ജീവിതത്തിന്റെ നല്ല കുറെ വർഷങ്ങളിൽ നഷ്ട സ്വാതന്ത്ര്യം ആസ്വദിക്കണം. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം കെട്ടിപ്പടുക്കണം ഇതൊക്കെയാണ് റഹ്മാന്റെയും സരിതയുടെയും പരിമിതമായ ആഗ്രഹങ്ങൾ. സമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തിൽ തങ്ങൾക്ക് ഉണ്ടാവുമെന്നും റഹ്മനും സജിതയും പ്രതീക്ഷിക്കുന്നുണ്ട്.
, അതേസമയംതന്നെ റഹ്മാന്റെയും സജിത യുടെയും പ്രണയകഥ വേറെ ചില വിഷയങ്ങളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. പത്തു വർഷം മുമ്പ് കാണാതായ പെൺകുട്ടി പോലീസിന്റെ മൂക്കിനുതാഴെ സ്വന്തം വീടിന് വെറും 100 മീറ്റർ ദൂരത്ത് ഉണ്ടായിട്ടും അവളെ കണ്ടെത്താൻ പോലീസിന് സാധിച്ചില്ല എന്നതാണ്.കാരണം സജിതയുടെ തിരോധാനം ഒരു ഒറ്റപ്പെട്ട സംഭവം അല്ല. മൂന്നുവർഷംമുമ്പ് പത്തനംതിട്ട വെച്ചുച്ചിറ സ്വദേശിനിയായ ജസ്ന മരിയ ജയിംസ് എന്ന വിദ്യാർഥിയെ കാണാതായിരുന്നു. എന്നാൽ ജെസ്നയെ കണ്ടെത്താൻ ലോക്കൽ പോലീസിനോ ക്രൈംബ്രാഞ്ചിനോ ഇതുവരെ സാധിച്ചിട്ടില്ല. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജ് വിദ്യാർത്ഥിയായ ജെസ്നയെ കാണാതാവുന്നത്. മൂന്നുവർഷത്തിനിപ്പുറവും പക്ഷേ ജെസ്ന എവിടെ എന്ന ചോദ്യത്തിന് ഇതുവരെ യാതൊരറിവും ലഭിച്ചിട്ടില്ല എന്നതാണ് ഉത്തരം. ഈ അവസരത്തിൽ റഹ്മാന്റെയും സജി തയുടേയും പ്രണയ കഥയോടൊപ്പം ഉയർന്നു വരുന്ന ചോദ്യം തന്നെയാണ് ജെസ്ന എവിടെയാണ്? എന്നത്. 10 വർഷത്തിനിപ്പുറം റഹ്മാന്റെയും സജിത യുടെയും പ്രണയകഥ പുറംലോകം അറിഞ്ഞില്ലായെങ്കിൽ സജിത എവിടെ? സജി തയ്ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യവും സമൂഹത്തിനുമുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുമായിരുന്നു.
