

മണ്ടയ്ക്കാട്: മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിൽ അഗ്നി ബാധ.
ഭക്തജനങ്ങൾ ഓരോരുത്തരും ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ക്ഷേത്രത്തിൽ അഗ്നി ബാധ ഉണ്ടാകുന്നത്. 2004 ഡിസംബർ 6 ന് താണ്ഡവമാടിയ സുനാമിയിൽ പോലും ക്ഷേത്രത്തിന് ഒരു കേടുപാടും സംഭവിച്ചിരുന്നില്ല . പക്ഷേ ഇപ്പോൾ ഉണ്ടായ അഗ്നി ബാധയുടെ കാരണമെന്ത്? ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ നടക്കുന്നത്.
ആദിപരാശക്തിയായ ദേവി ചിതൽ രൂപത്തിൽ കുടികൊള്ളുന്ന ക്ഷേത്രമാണ് മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം. കന്യാകുമാരി ജില്ലയിലെ കുളച്ചലിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ അകലെയാണ് . ഇവിടുത്തെ പ്രധാനപ്രതിഷ്ഠയായ ചിതൽപ്പുറ്റിന് ഏകദേശം പതിനഞ്ച് അടിയോളം ഉയരമുണ്ട്. കേരളത്തിലെയും തെക്കന്‍ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള ഭക്തരാണ് പ്രധാനമായും ക്ഷേത്രദര്‍ശനത്തിന് എത്തുന്നത്. സ്ത്രീകൾക്ക് വ്രതം അനുഷ്ഠിച്ച് ഇരുമുടിക്കെട്ടുമായി പ്രവേശിക്കാമെന്നതിനാൽ ‘സ്ത്രീകളുടെ ശബരിമല’ എന്നും ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു.
അഗ്നിബാധ ദേവീ വിഗ്രഹത്തിനെ സ്പർശിച്ചില്ല
രാവിലെ പതിവ് പൂജകൾക്ക് ശേഷമാണ് ശ്രീകോവിലിനുള്ളിൽ തീപ്പിടിത്തം ഉണ്ടായത്. മേൽക്കൂര ഭൂരിഭാഗവും കത്തിനശിച്ചു. ദീപാരാധനയ്ക്കുശേഷം നിലവിളക്കില്‍ നിന്ന് ദേവിക്ക് അണിഞ്ഞിരുന്ന പട്ടില്‍ തീ പിടിക്കുകയും അങ്ങനെ തീ പടര്‍ന്നതാണെന്ന് പറയുമ്പോഴും ദേവിവിഗ്രഹത്തിനെയോ ക്ഷേത്രത്തിലെ പ്രധാന ദേവി സങ്കല്പമായ മൺപുറ്റിനെയോ തീപ്പിടിത്തം യാതൊരു വിധ തരത്തിട്ടും ബാധിച്ചില്ല എന്നത് ആശ്ചര്യകരം തന്നെയാണ്.
അഗ്നി ബാധയുടെ കാരണമെന്ത്
2018 ൽ ദൈവജ്ഞൻ തിരുവനന്തപുരം ശ്രീ മലയൻകീഴ് കണ്ണൻ നായരുടെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ വിപുലമായ രീതിയിൽ ദേവപ്രശ്നം നടന്നിരുന്നു. നിവേദ്യ സമർപ്പണത്തിലും – പൂജാവിധിയിലും വരുത്തിയ മാറ്റങ്ങൾ ദേവിയുടെ ശ്രീകോവിലിൽ ഉണ്ടായ അശുദ്ധി തുടങ്ങിയ ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നും, ഗണപതി ഭഗവാൻ ഉൾപ്പടെ ഉള്ള ഉപദേവതകളെ മാറ്റി പ്രതിഷ്ഠിച്ചതും – കൊടിമരം സ്ഥാപിച്ചതും ദേവീഹിതം അറിയാതെ ആണെന്നും പ്രശ്ന വിധിയിൽ ശ്രീ കണ്ണൻ നായർ കണ്ടെത്തിയിരുന്നു.
ദേവിക്ക് ഇഷ്ട്ടമില്ലാത്ത വിധം ശ്രീകോവിലിൽ ഉണ്ടായ അശുദ്ധി അഗ്നി ബാധയ്ക്ക് കാരണമാകുമെന്നും ദൈവജ്ഞൻ സദസ്സിൽ പറയുകയും ക്ഷേത്ര അധികാരികൾക്ക് പ്രശ്ന ചാർത്തിൽ എഴുതി നൽകുകയും ചെയ്തിരുന്നതാണ്. ഇതിനുള്ള പരിഹാര കർമ്മങ്ങൾ എല്ലാം നിർദ്ദേശിച്ചിരുന്നു എങ്കിലും പൂർണ്ണമായും പരിഹാര കർമ്മങ്ങൾ ചെയ്ത് ദേവീപ്രീതി വരുത്തുന്നതിൽ ദേവസ്വം അനാസ്ഥ കാണിച്ചു. ദൈവജ്ഞൻ കണ്ണൻ നായരിലൂടെ ദേവി മുൻകൂട്ടി കാണിച്ച് കൊടുത്ത അഗ്നിബാധയാണ് ഇപ്പോൾ ക്ഷേത്രത്തിൽ സംഭവിച്ചിരിക്കുന്നത്