Breaking News

മണമ്പൂര്‍ കൊലപാതകം: 6 പ്രതികള്‍ കൂടി അറസ്റ്റില്‍

അറസ്റ്റിലായ സുരേഷ്, റിജു, അജിത്, ജോണ്‍, ജോസ്, മൊട്ട സുഭാഷ്‌

മണമ്പൂര്‍: വര്‍ക്കല മണമ്പൂര്‍ പെരുംകുളം മിഷന്‍ കോളനി കല്ലറത്തോട്ടത്തില്‍ ജോഷി(38) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍കൂടി അറസ്റ്റിലായി. പെരുംകുളം മാടപ്പള്ളിക്കോണം ചരുവിള വീട്ടില്‍ അജിത്(35), കവലയൂര്‍ കൊടിതൂക്കിക്കുന്ന് മേലേവിള വീട്ടില്‍ റിജു(37), കവലയൂര്‍ കൊടിതൂക്കിക്കുന്ന് സുജിതാഭവനില്‍ സുരേഷ്(45), കവലയൂര്‍ കൊടിതൂക്കിക്കുന്ന് ജോളി ഭവനില്‍ ജോണ്‍(29), സഹോദരന്‍ ജോസ്(34), കവലയൂര്‍ കൊടിതൂക്കിക്കുന്ന് കാട്ടുവിള വീട്ടില്‍ സുഭാഷ്(43) എന്നിവരെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും അറസ്റ്റിലായതായി കടയ്ക്കാവൂര്‍ പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ആറ് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. ഇവര്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്.
മേയ് 9നായിരുന്നു പത്തംഗസംഘം ജോഷിയെ കൊലപ്പെടുത്തിയത്. കേസില്‍ ശ്രീജിത്ത്, മണി, സാബു, ബൈജു എന്നീ പ്രതികളെ പോലീസ് കൊലപാതകം നടന്നതിന് തൊട്ടടുത്ത ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ജോഷി നിരവധി കേസുകളിലെ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ച ആളുമാണ്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കവും അതേതുടര്‍ന്നുണ്ടായ വൈരാഗ്യവുമാണ് ജോഷിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. നിരവധി തവണ താക്കീത് നല്‍കിയതായും ശല്യം സഹിക്കാതായപ്പോഴാണ് ജോഷിയെ വകവരുത്താന്‍ തീരുമാനിച്ചതെന്നുമാണ് പ്രതികള്‍ പോലീസിന് മൊഴിനല്‍കിയത്.
മുന്‍കൂട്ടിയുള്ള തീരുമാനപ്രകാരം പ്രതികള്‍ ഒത്തുകൂടി ജോഷി പതിവായിരിക്കുന്ന റബര്‍തോട്ടത്തില്‍ എത്തി പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ് മൃതപ്രായനായ ജോഷിയെ കടയ്ക്കാവൂര്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *