
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് രണ്ട് വിലയുടെ യുക്തിയെന്തെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. രാജ്യത്ത് ആവശ്യമായ 100 ശതമാനം ഡോസുകളും കേന്ദ്ര സര്‍ക്കാര്‍ വാങ്ങാത്തത് എന്തുകൊണ്ടാണെന്നും കോടതി ചേദിച്ചു. കോവിഡ് വാക്‌സിനേഷന് സ്വീകരിച്ച മാതൃകയിലും കോടതിയുടെ ചോദ്യങ്ങളുയര്‍ന്നു. ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ മാതൃക എന്തുകൊണ്ടാണ് കോവിഡ് വാക്സിനേഷനിലും പിന്തുടരാത്തതെന്ന് ചോദിച്ച സുപ്രീംകോടതി കുത്തിവെപ്പ് കേന്ദ്രത്തിലെത്തി കുത്തിവെപ്പ് എടുത്തു മടങ്ങുന്ന രീതി മേയ് ഒന്നിനു ശേഷവും തുടരുമോയെന്നും ചോദിച്ചു.
നിരക്ഷരരായ ആളുകളുടെ വാക്സിന്‍ രജിസ്ട്രേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്നും കോടതി ചോദിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ചോദിച്ച കോടതി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.