
കൊച്ചി: തലശ്ശേരി എം.എല്‍.എയായ എ.എന്‍ ഷംസീന്റെ ഭാര്യയ്ക്ക് നിയമനം നല്‍കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്.ആര്.ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്.
ഈ തസ്തികയിലേക്ക് വേണ്ട മാനദണ്ഡങ്ങള്‍ മറികടന്നാണ് എം.എല്‍.എയുടെ ഭാര്യ ഡോ.സഹലയെ നിയമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി സ്വീകരിച്ചിരിക്കുന്നത്. മേയ് 7 വരെ ഈ തസ്തികയില്‍ സ്ഥിരനിയമനം പാടില്ലെന്നാണ് കോടതി ഉത്തരവ്.
ഷംസീറിന്റെ ഭാര്യ ഡോ.സഹല ഉള്‍പ്പെടെ 30 പേരെയാണ് ഈ തസ്തികയിലെ നിയമനത്തിന് പരിഗണിക്കുന്നത്. നിയമനത്തിനായി അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ തിരക്കിട്ട് നടത്തിയതിനെതിരേ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞശേഷം മാത്രം സര്‍വകലാശാല നിയമന നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചത്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് തിരക്കിട്ട് നിയമനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഗവര്‍ണറും വിശദീകരണം തേടിയിരുന്നു.