Breaking News

അഭിമന്യു കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയെന്ന് എസ്.എഫ്.ഐ: വര്‍ക്കലയില്‍ ധര്‍ണ്ണ

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വര്‍ക്കല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ധര്‍ണ്ണ

വര്‍ക്കല: കായംകുളം വള്ളിക്കുന്നത്ത് കുത്തേറ്റ് മരിച്ച പതിനഞ്ച് വയസുകാരന്‍ അഭിമന്യുവിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എസ്.എസ്.ഐ. അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്നും എസ്.എഫ്.ഐ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വര്‍ക്കല ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. വര്‍ക്കല മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അജിന്‍ പ്രഭ ഉദ്ഘാടനം ചെയ്തു.
അഭിമന്യു എസ്.എഫ്.ഐ പ്രവര്‍ത്തകനല്ലെന്ന് പ്രചരിപ്പിക്കാനാണ് അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ഒന്നടങ്കം ശ്രമിക്കുന്നതെന്ന് അജിന്‍ പ്രഭ ആരോപിച്ചു. അഭിമന്യുവിന്റെ കൊലപാതകം രാഷ്ട്രീയ കാരണങ്ങളാല്‍ അല്ലെന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ പറഞ്ഞുവയ്ക്കുന്നതെന്നും അഭിമന്യുവിന്റെ കൊലപാതകിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ അവര്‍ തയാറാകുന്നില്ലെന്നും അജിന്‍ ആരോപിച്ചു.
വിഷു, ഓണം പോലെയുള്ള വിശേഷ ദിവസങ്ങളിലാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തകരുടെ ജീവനെടുക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിയെന്ന് ഞങ്ങള്‍ ആരോപിച്ച വ്യക്തിയാണ് ഇപ്പോള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസില്‍ കീഴടങ്ങിയിരിക്കുന്നത്. കീഴടങ്ങിയ പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. ആര്‍.എസ്.എസുകാരന്റെ കൊലക്കത്തിക്കാണ് അഭിമന്യു ഇരയായത്-അജിന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധ യോഗത്തില്‍ എസ്.എഫ്.ഐ വര്‍ക്കല ഏരിയാ പ്രസിഡന്റ് ഓജസ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ജിത്ത് സ്വാഗതം പറഞ്ഞു. ഏരിയാ ജോയിന്റ് സെക്രട്ടറി പൃഥ്വിരാജ് കൃതജ്ഞത രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *