
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് രണ്ടാം തരംഗം രാജ്യത്ത് കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടി ലക്ഷം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1341 ആണ്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,75,649 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേരാണ് കോവിഡ് മുക്തരായത്. കോവിഡ് മുക്തരായവരുടെ എണ്ണം 1,26,71,220 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 16,79,740 ആണ്. പല സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വാക്സിന് ക്ഷാമം നേരിടുന്നതിന് കോവാക്സിന് നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹഫ്കിന് ബയോഫാര്‍മ കോര്പ്പറേഷന് അനുമതി നല്കി. 11,99,37,641 വാക്സിന് ഡോസുകളാണ് രാജ്യമൊട്ടാകെ ഇതുവരെ വിതരണം ചെയ്തതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കുള്ള പിഴത്തുക ഇരട്ടിയാക്കി. ആദ്യതവണ പിടിക്കപ്പെടുന്നവര്‍ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപയും അടയ്ക്കണം. രാജസ്ഥാന് വെള്ളിയാഴ്ച വൈകിട്ട് ആറ് മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചു വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബംഗളൂരുവിലെ പത്ത് ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കി മാറ്റാന്‍ തീരുമാനമായി. ബംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു നഗരങ്ങളിലെ രാത്രി കര്‍ഫ്യൂ ഏപ്രില്‍ 20 വരെ നീട്ടും.