Breaking News

വർക്കല എസ്.എൻ കോളേജിൽ ഡി.ജെ പാർട്ടി: പങ്കെടുത്തത് ആയിരത്തോളം വിദ്യാർഥികൾ: വീഡിയോ

വർക്കല: കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ പ്രോട്ടോകോൾ കാറ്റിൽപറത്തി വർക്കല എസ്.എൻ കോളേജിൽ ഡി.ജെ പാർട്ടി. എസ്എഫ്ഐ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ഡി.ജെ പാർട്ടിയിൽ ആയിരത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്. കല എന്ന പേരിലാണ് പ്രൊഫഷണൽ ഡി.ജെ അവതാരകരെ വച്ച് കോളേജ് ഓഡിറ്റോറിയത്തിൽ വൻ സ്റ്റേജ് ഷോ സംഘടിപ്പിച്ചത്.

എന്നാൽ വ്യാഴാഴ്ച ഉച്ചയ്ക്ക് കോളേജിൽ നടന്ന ഡി.ജെ പാർട്ടിക്ക് അനുമതി നൽകിയിരുന്നില്ല എന്നായിരുന്നു കോളേജ് പ്രിൻസിപ്പൽ ബീക്കൺ ന്യൂസിനോട് പ്രതികരിച്ചത്. എസ്എഫ്ഐ യൂണിയൻ ഭാരവാഹികളായ വിദ്യാർഥികൾ എട്ടാം തീയതി ഇത്തരത്തിൽ അനുമതി തേടിയെങ്കിലും കോവിഡ് വ്യാപനം പരിഗണിച്ച് അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. വ്യാഴാഴ്ച കോളേജിൽ ഡിപ്പാർട്ട്മെൻറ് തലത്തില്‍ സെൻറ്ഓഫ് പാർട്ടി ഉണ്ടായിരുന്നു, അതിനു ശേഷം വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ആ സമയം പോലീസ് കോളേജിൽ വന്നുപോയിരുന്നു . പിന്നീട് വിദ്യാർഥികൾ ഡി.ജെ പാർട്ടിയിലേക്ക് കടക്കുന്നത്‌ കണ്ടപ്പോൾ വീണ്ടും പോലീസിനെ വിളിക്കേണ്ടി വന്നു എന്നും പ്രിസിപ്പാൾ വ്യക്തമാക്കി.

രണ്ടരയോടെ കോളേജിലെത്തിയ പോലീസ് വിദ്യാർഥികളുമായി സംസാരിച്ചു. 15 മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു . അതുപ്രകാരം 15 മിനിറ്റിനകം ഡി.ജെ പാർട്ടി അവസാനിപ്പിച്ചുവെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഡി.ജെ പാർട്ടിയുമായി ബന്ധപ്പെട്ട സംഘർഷമുണ്ടായാതായി വാർത്തകളുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് യാതൊരു ധാരണയും തനിക്കില്ലായെന്നായിരുന്നു പ്രിൻസിപ്പാളിന്റെ പ്രതികരണം. എന്നാൽ ഇത്തരം വാദങ്ങൾ ഒന്നും ഒരു പ്രദേശത്തെ കോവിഡ് പ്രതിരോധങ്ങളെ ആകമാനം തകിടം മറിക്കുന്ന നടപടികൾക്കുള്ള ന്യായീകരണമായി കരുത്താനാവില്ലതന്നെ.

പ്രിസിപ്പലിന്റെ വാക്കുകൾ മുഖവിലക്കെടുത്താൽ, പോലീസിൻറെ ഭാഗത്തുനിന്നും അതീവ ഗുരുതരമായ വീഴ്ചയാണ് ഈ സംഭവത്തിൽ ഉണ്ടായിട്ടുള്ളത് എന്ന് പറയേണ്ടിവരും. കോവിഡ് പ്രതിരോധത്തിന് ചുക്കാൻ പിടിക്കുന്ന പോലീസ് ഡിപ്പാർട്ട്മെൻറ് തന്നെ അറിഞ്ഞു കൊണ്ട് ഒരു കോളേജിൽ ആയിരത്തോളം വരുന്ന വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കുക എന്ന മിനിമം മാനദണ്ഡം പോലും പാലിക്കാതെ ഡി.ജെ പാർട്ടി നടത്തിയത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.

വർക്കല താലൂക്കിൽ കഴിഞ്ഞ ഒരാഴ്ചകൊണ്ട് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനമാണ് സംഭവിച്ചതെന്ന് സർക്കാരിൻറെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. 2393 സാമ്പിളുകൾ പരിശോധിച്ചതിൽ 173 പേർക്കാണ് കഴിഞ്ഞ ആഴ്ച മാത്രം വർക്കല താലൂക്കിൽ കോവിഡ് പോസിറ്റീവായത് . വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വർക്കല മുനിസിപ്പാലിറ്റി പരിധിയിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് വർക്കല എസ്.എൻ കോളേജിൽ നീതീകരിക്കാനാവാത്ത രീതിയിൽ ഡി.ജെ പാർട്ടി സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളം കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോൾ, അതിന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റ്റെ വിദ്യാർത്ഥി സംഘടന തന്നെയാണ് കോവിഡ് 19 എന്ന അതി മാരക വൈറസിന് വേഗപാത തുറന്നു കൊടുക്കുന്ന രീതിയിൽ പ്രവർത്തിച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ അപ്പാടെ ലംഘിച്ചുകൊണ്ട് കോളേജിൽ ഡി.ജെ പാർട്ടി സംഘടിപ്പിച്ച അതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായോ എന്ന സംശയവും ഉയരുന്നുണ്ട്.

ഡി.ജെ പാർട്ടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ

Related posts

Leave a Reply

Your email address will not be published. Required fields are marked *